Sunday, April 8, 2012

ചെമ്പിരിക്ക ഖാസിമാര്‍

    കാസറഗോഡ് താലൂക്കില്‍ ചന്ദ്രഗിരിപ്പുഴക്ക് തെക്ക് ഭാഗത്ത് സ്ഥിതി ചെയ്യുന്ന ചരിത്ര പ്രസിദ്ധമായ ഒരു പ്രദേശമാണ് കീഴൂര്‍. കാസറഗോഡ് ജില്ലയുടെ ഇസ്ലാമിക നവോത്ഥാനത്തില്‍ ഈ പ്രദേശം വഹിച്ച പങ്ക് നിസ്തൂലമാണ്. സാമൂഹിക പുരോഗമന രംഗത്ത് ഒറ്റപ്പെട്ടുകിടക്കുന്ന ഉത്തരകേരളത്തെ സാംസ്‌കാരികമായും ആത്മീയമായും വളര്‍ത്തിയെടുക്കാന്‍ ഇവിടത്തെ മണ്‍മറഞ്ഞുപോയ പണ്ഡിതന്മാരും അസ്തമിച്ചുപോയ വിദ്യാഭ്യാസ കേന്ദ്രങ്ങളും വലിയ റോള്‍ അഭിനയിച്ചിട്ടുണ്ട്. വടക്കെ മലബാറിലെ പൊന്നാനി എന്നാണ് ഈ പ്രദേശം വിളിക്കപ്പെട്ടിരുന്നത്.
    തെക്കന്‍ കേരളത്തിലെ പ്രധാന ഇസ്ലാമിക പാരമ്പര്യ ഭൂമിയായ പൊന്നാനി കഴിച്ചാല്‍ കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ മതപഠനകേന്ദ്രമെന്ന നിലയിലാണ് കീഴൂര്‍ പ്രശസ്തമാകുന്നത്. ഇവിടെ അധിവസിച്ചിരുന്ന പണ്ഡിത സൂരികളുടെ പൊന്നാനിയുമായുള്ള നിരന്തര ബന്ധത്തിന്റെ അനന്തര ഫലമായിട്ടായിരുന്നു ഇത്.
ചളിയങ്കോട്, കടവത്ത്, ഒറവങ്കര, പഴയ കോട്ട, മഠത്തില്‍, കുന്നരിയത്ത്, പടിഞ്ഞാര്‍ തുടങ്ങിയ പ്രദേശങ്ങളെ ഉള്‍കൊള്ളുന്നതാണ് കീഴൂര്‍. ഇസ്ലാമികത്തനിമ വിളങ്ങിനിന്നിരുന്ന പുരാതന കീഴൂര്‍ ഇതിലും വിശാലമായിരുന്നു. പടിഞ്ഞാറിന് പുറമെ മേല്‍പറമ്പ്, ചെമ്പരിക്ക, ദേളി, ചാത്തങ്കൈ, കളനാട്, തുടങ്ങിയ സ്ഥലങ്ങളും ഈ പേരിന് കീഴിലാണ് ഉണ്ടായിരുന്നത്. കീഴൂര്‍ ജമാഅത്തില്‍ നിന്നും ഒഴിഞ്ഞുപോയ ജമാഅത്തുകളാണ് പടിഞ്ഞാര്‍ ഒഴികെയുള്ള മേല്‍പറഞ്ഞ ജമാഅത്തുകള്‍.
    കാസറഗോഡ് ഇസ്ലാം പ്രചരിച്ചതിനോടനുബന്ധമായി തന്നെ കീഴൂരിലും ഇസ്ലാം എത്തിയിട്ടുണ്ട്. ഇവിടെയുണ്ടായിരുന്ന ഇസ്ലാമിക ചൈതന്യവും ജനങ്ങളിലെ ഉല്‍ബുദ്ധതയും ഇതിലേക്ക് വെളിച്ചം വീശുന്നു.
    1-ഖാസി സഈദ് മുസ്ലിയാര്‍
ഒന്നര നൂറ്റാണ്ട് മുമ്പ് ഉത്തര കേരളത്തിന്റെ സാംസ്‌ക്കാരിക മണ്ഡലത്തെ ജാജ്വല്യമാനമാക്കിയ മഹാപണ്ഡിതനും സിദ്ധപുരുഷനുമായിരുന്നു സഈദ് മുസ്ലിയാര്‍. കാസര്‍ഗോഡിന് ഇസ്ലാമികത്തനിമയില്‍ അസ്തിത്വമുണ്ടാക്കി കൊടുത്തതിന് ഇദ്ധേഹത്തിന്റെ പങ്ക് അനിഷേധ്യമാണ്. കിഴൂരിലെ വൈജ്ഞാനിക പ്രകാശ ഗോപുരങ്ങള്‍ക്ക് പിന്നില്‍ പ്രവര്‍ത്തിച്ച മാസ്റ്റര്‍ ബ്രൈന്‍ അദ്ധേഹമായിരുന്നു.
കാസര്‍ഗോഡ് താലൂക്കിലെ കുഞ്ചാര്‍ എന്ന സ്ഥലത്ത് ഖാസി അഹമദ് മുസ്ലിയാരുടെ മകനായാണ് സഈദ് മുസ്ലിയാര്‍ ഭൂജാതനായത്. ചെറുപ്പക്കാലം മുതല്‍ തന്നെ മതവിദ്യാഭ്യാസത്തില്‍ ശ്രദ്ധയൂന്നി. പണ്ഡിതനും ജ്ഞാനിയുമായിരുന്ന പിതാവ് തന്നെയായിരുന്നു പ്രധമധ്യാപകന്‍. വൈജ്ഞാനിക രംഗത്ത് അന്നത്തെ അല്‍അസ്ഹറായിരുന്ന പൊന്നാനിയില്‍ പോയിട്ടായിരുന്നു ഉപരിപഠനം.
ഈ യാത്ര സഈദ് മുസ്ലിയാരെ അനുഭവ സമ്പന്നനാക്കി. കേരളത്തിലെ തലയെടുപ്പുള്ള പല പണ്ഡിത വരേണ്യരേയും നേരില്‍ കാണാനും അവരില്‍ നിന്ന് വിദ്യ നുകരാനും അദ്ധേഹത്തിന് അവസരം ലഭിച്ചു. 
    2- മുഹമ്മദ് മുസ്ലിയാര്‍
സഈദ് മുസ്ലിയാര്‍ക്ക് ശേഷം മകന്‍ മുഹമ്മദ് മുസ്ലിയാരാണ് കിഴൂര്‍ ഖാസിയായത്. പിതാവിന്റെ അതേ പാത പിന്തുടര്‍ന്ന അദ്ദേഹം ഈ ദേശത്തിന്റെ മതകീയ അഭിവൃദ്ധിക്കുവേണ്ടി യത്‌നിച്ചിട്ടുണ്ട്.
    3- ഖാസി സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍
ക്രി: 1938 മുതല്‍ 1973 വരെ കീഴൂര്‍ ഖാസി പദം അലങ്കരിച്ച പണ്ഡിതനാണ് ഖാസി. സി. മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍. അബ്ദുല്ല മുസ്ലിയാരുടെയും മര്‍യം ഉമ്മയുടെയും മകനായി ചെമ്പിരിക്കയില്‍ ജനിച്ചു. ഹി: 1313-നായിരുന്നു ഇത്.
പണ്ഡിതനും പ്രഗല്‍ഭ വാഗ്മിയുമായിരുന്ന പിതാവ് അബ്ദുല്ല മുസ്ലിയാര്‍. അബ്ദുല്ലാഹില്‍ ജംഹരി എന്നറിയപ്പെട്ട അദ്ദേഹം പോക്കര്‍ മുസ്ലിയാരുടെ മകനാണ്. കാസറഗോടിന്റെ മതപ്രഭാഷണവേദികളില്‍ അദ്ദേഹം വിളങ്ങി നിന്നു.
    വലിയൊരു കുടുംബത്തിന്റെ അവസാന കണ്ണിയായിരുന്ന പോക്കര്‍ മുസ്ലിയാര്‍ ചെമ്മനാട്ടാണ് താമസിച്ചിരുന്നത്. അദ്ദേഹത്തിനുണ്ടായ ഒരു സ്വപ്നത്തിന്റെ അടിസ്ഥാനത്തില്‍ ചെമ്പിരിക്കയിലേക്ക് മാറിത്താമസിക്കുകയായിരുന്നു. അങ്ങനെയാണ് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ചെമ്പിരിക്ക നിവാസിയായി മാറുന്നത്. പണ്ഡിത തറവാട്ടില്‍ ജനിച്ച മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ പിതാവില്‍ നിന്നു തന്നെ പ്രാഥമിക പഠനം തുടങ്ങി. പത്തു വയസ്സായതോടെ പിതാവ് മരിച്ചു. ശേഷം സഹോദരിയുടെ ഭര്‍ത്താവായ കീഴൂര്‍ അബ്ദുല്ലക്കുഞ്ഞി ഹാജിയില്‍ നിന്നാണ് മത ഗ്രന്ദങ്ങള്‍ ഓതിത്തുടങ്ങിയത്. അബ്ദുല്ലക്കുഞ്ഞി ഹാജി കാസറഗോഡ് വലിയ ജുമുഅത്ത് പള്ളിയിലും തൃക്കരിപ്പൂര്‍ സൂപ്പിഹാജിയുടെ പള്ളിയിലും ദര്‍സ് നടത്തിയിട്ടുണ്ട്. അദ്ദേഹത്തോടൊപ്പം അവിടങ്ങളിലെല്ലാം താമസിച്ച് മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ മത വിഷയങ്ങളില്‍ അവഗാഹം നേടി. കാസറഗോഡ് വലിയ ജുമുഅത്ത് പള്ളിയില്‍ ആയഞ്ചേരി അബ്ദുര്‍റഹിമാന്‍ മുസ്ലിയാര്‍ ദര്‍സ് നടത്തിയപ്പോള്‍ അവിടെപ്പോയി ചേര്‍ന്നു. ആയഞ്ചേരി കാസറഗോഡ് ഉപേക്ഷിക്കുകയും വാഴക്കാട് ദാറുല്‍ ഉലൂം മദ്രസയില്‍ മതധ്യാപനം ആരംഭിക്കുകയും ചെയ്തപ്പോള്‍ മുഹ്മദ് കുഞ്ഞി മുസ്ലിയാരും അദ്ദേഹത്തെ അനുഗമിച്ചു. തന്റെ അമ്മാവന്‍ അക്കാലത്തെ മതവിജ്ഞാന കേന്ദ്രമായ നാനിയില്‍ പുസ്തകവ്യാപാരം നടത്തിയിരുന്നു. മുഹമ്മദ് കുഞ്ഞിമുസ്ലിയാര്‍ കുറച്ച് കാലം അദ്ദേഹത്തോടൊപ്പം അവിടെയും നിന്നു.
    ശേഷം പഠനം കഴിഞ്ഞ് നാട്ടില്‍ തിരിച്ചു വന്നതോടെ കിഴൂരിലെ ഖാസി പദവും ഒറവങ്കര ഖിള്ര്‍പള്ളിയിലെ മുദരിസ് സ്ഥാനവും ഏറ്റെടുത്തു. 25-വര്‍ഷത്തോളം ഒറവങ്കര പള്ളിയിലെ അദ്ധ്യാപക വൃത്തി നില നിര്‍ത്തി. അനന്തരം വാര്‍ദ്ധക്യ സഹജമായ ബലഹീനത കാരണം ദര്‍സ് നടത്തുന്ന ജോലി ഒഴിവാക്കാന്‍ നിര്‍ബന്ധിതനായി. തന്റെ പുത്രന്മാരില്‍ ഒരാളെ ഏല്‍പിച്ചുകൊണ്ടാണ് അദ്ധേഹം ചുമതലയൊഴിഞ്ഞത്. എന്നാല്‍ കിഴൂരിലേയും പരിസര പ്രദേശങ്ങളിലേയും ഖാസി പദം അവസാന ശ്വാസം വരെ നിലനിര്‍ത്തി. കീഴൂര്‍, മേല്‍പറമ്പ്, ചെമ്പിരിക്ക, കളനാട്, ദേളി, ഉദുമ, പാക്യര, എരോല്‍, മാങ്ങാട്, വെണ്ടിക്കാല്‍, ബായിക്കര, അലൂര്‍ എന്നീ 12സ്ഥലങ്ങളിലാണ് അദ്ധേഹം ഖാസിയായിരുന്നത്.
    കാസര്‍കോടിന്റെ മതസാംസ്‌കാരിക സംരംഭംഗങ്ങളില്‍ മുസ്ലിം പ്രതിനിധി എന്ന നിലക്ക് കടന്നു ചൊല്ലുകയും തന്റെ വ്യക്തി മുദ്ര പതിക്കുകയും ചെയ്ത മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ഹിന്ദു-മുസ്ലിം ജാതി-മത ഭേതമന്യേ ഈ ദേശത്തിന്റെ ആത്മീയാചാര്യനായിരുന്നു. സര്‍വ്വ പ്രശ്‌നങ്ങള്‍ക്കും അദ്ധേഹമായിരുന്നു പരിഹാരം.
    കിഴൂര്‍ ഖാസിയായിരിക്കെത്തന്നെ ഹി:1393 ദുല്‍ഹജ്ജ് 4-വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് ഏതാണ്ട് ഒരു മണിയോടെ ഖാസി മുഹമ്മദ് കുഞ്ഞി മുസ്ലിയാര്‍ ലോകത്തോട് വിടപറഞ്ഞു. ചെമ്പിരിക്ക ജുമുഅത്ത് പള്ളിയുടെ തെക്ക് വശമുള്ള മഖാമിന്റെ അടുത്താണ് ഖബര്‍. സംഭവഭഹുലമായ തന്റെ ജീവിതത്തിനിടക്ക് മൂന്ന് തവണ ഹജ്ജു ചെയ്യാന്‍ അദ്ധേഹത്തിന് അവസരം ലഭിച്ചു. നാലാമതൊരു ഹജ്ജിന് തീരുമാനമെടുക്കുകയും 1973-ഡിസംബര്‍ 13-ന് ബോംബേയില്‍ നിന്ന് പുറപ്പെട്ട വിമാനത്തില്‍ അദ്ധേഹത്തിന് വേണ്ടി സീറ്റ് റിസര്‍വ് ചെയ്യുകയും ചെയ്തിരുന്നു. പക്ഷേ അതിന് മുമ്പ് തന്നെ അദ്ധേഹം മരണമടഞ്ഞിരുന്നു. ചെമ്പിരിക്ക ഖാസി സി എം അബ്ദുല്ല മൗലവി മകനാണ്.
    4. ഖാസി സി എം അബ്ദുല്ല മൗലവി
    1973ന് ശേഷം കീഴൂര്‍ ഖാസിയായത് സി എം അബ്ദുല്ല മൗലവിയാണ്. പണ്ഡിത തറവാട്ടിലെ കുലപതിയായ അദ്ധേഹം സ്വാതന്ത്രാനന്തര കാസര്‍കോടിന്റെ ഇസ്ലാമിക നവോത്ഥാന ചരിത്രത്തില്‍ വലിയ പങ്ക് വഹിച്ചു. കര്‍മ്മ നൈരന്തര്യത്തില്‍ ഇഷ്ടപ്പെട്ട അദ്ധേഹം എന്നും സമൂഹത്തിന് വേണ്ടി നിലകൊണ്ടു.
    ചെമ്പിരിക്കാ ഖാസി എന്നപേരില്‍ പ്രസിദ്ധനായ മുഹമ്മദ് കുഞ്ഞി മുസ്ലിയാരുടെയും ബീഫാത്വിമാ ഹജ്ജുമ്മയുടെയും മകനായി 1933-ല്‍ കാസര്‍കോട് ചെമ്പിരിക്കയില്‍ ജനിച്ചു. പിതാവ് തന്നെയായിരുന്നു പ്രഥമാദ്ധ്യാപകന്‍. ശേഷം, ചെമ്പിരിക്കയിലും തുടര്‍ന്ന് തളങ്കര മുസ്ലിം ഹൈസ്‌കൂളിലുമായി പടനം പൂര്‍ത്തിയാക്കി. അന്ന് എസ് എസ് എല്‍ സി എഴുതി വിജയിച്ച അപൂര്‍വ്വം ചിലരില്‍ ഒരാളായിരുന്നു അബ്ദുല്ല മൗലവി. സ്‌കൂള്‍ ജീവിതത്തില്‍ തന്നെ ഉര്‍ദു, ഇംഗ്ലീഷ് ഭാഷകളില്‍ കഴിവ് നേടി. ശേഷം അത് പുഷ്ടിപ്പിക്കുകയും ചെയ്തു. ശേഷം, ഉള്ളാളം അബ്ദുര്‍റഹിമാന്‍ അല്‍ബുഖാരി തങ്ങളുടെയും യു കെ ആറ്റക്കോയ തങ്ങളുടെയും ശിഷ്യത്വം നേടി.നെല്ലിക്കുന്ന് ദര്‍സില്‍ വെച്ചാണ് ഗോളശാസ്ത്രത്തില്‍ അവഗാഹം നേടാന്‍ യു കെ ആറ്റക്കോയ തങ്ങളെ സമീപിക്കുന്നത്. പകരമെന്നോണം അന്ന് അവിടെയുണ്ടായിരുന്ന ദര്‍സില്‍ പഠിപ്പിക്കുകയും ചെയ്തു. മിശ്കാത്തുല്‍ മസ്വാബീഹ് എന്ന ഹദീസ് ഗ്രന്ഥമാണ് അന്ന് കുട്ടികള്‍ക്ക് ഓതിക്കൊടുത്തത്.
    ഖുലാസത്തുല്‍ ഫിസാഖ്, ഉഖ്‌ലൈദിസ്, രിസാലത്തുല്‍ ഹിസാബ് തുടങ്ങിയ ഗോളശാസ്ത്ര-ഗണിത ഗ്രന്ഥങ്ങളാണ് ആറ്റക്കോയ തങ്ങളില്‍ നിന്നും ഓതിയത്. നീണ്ടകാല ജ്ഞാന തപസ്യക്കുശേഷം വെല്ലൂര്‍ ബാഖിയാത്തുസ്സ്വാലിഹാത്തിലേക്ക് തിരിച്ചു. ബിരുദം നേടി. 1962-ലായിരുന്നു ഇത്.
    പഠനം കഴിഞ്ഞു തിരിച്ചു വന്നതോടെ അദ്ധ്യാപന രംഗത്തേക്ക് തിരിച്ചു. ഒറവങ്കര, എട്ടിക്കുളംമാടായി-പുതിയങ്ങാടി എന്നിവിടങ്ങളില്‍ ദര്‍സ് നടത്തി.
സമൂഹത്തിന്റെ ശോച്യാവസ്ഥ കണ്ട അബ്ദുല്ല മൗലവി മുസ്ലിം സമൂഹത്തിന്റെ നവജാഗുരണത്തിനായി ഇറങ്ങിത്തിരിക്കുകയും പലരേയും കണ്ട് ഒരു ഇസ്ലാമിക വിദ്യാഭ്യാസ സ്ഥാപനത്തിന്റെ ആവശ്യകത ധരിപ്പിക്കുകയും ചെയ്തു. 1971-ഏപ്രില്‍28-ന് സഅ്ദിയ്യ എന്ന പേരില്‍ സ്ഥാപനം തുടങ്ങി. കല്ലട്ര അബ്ദുല്‍ ഖാദിര്‍ ഹാജിയാണ് പിന്തുണ നല്‍കിയത്. കാലങ്ങളോളം അവിടെ അദ്ധ്യാപകനായും വൈസ് പ്രിന്‍സിപ്പാളായും പ്രിന്‍സിപ്പാളായും സേവനമനുഷ്ടിച്ചു. 1979-ല്‍ സ്ഥാപനം സമസ്ത ജില്ലാ കമ്മിറ്റിക്കു കൈമാറി.
    അതിനു മുമ്പ് ഏകദേശം ഒരു വര്‍ഷത്തോളം പരവനടുക്കം ആലിയ അറബിക് കോളേജിലും അദ്ധ്യാപകനായി സേവനം ചെയ്തു.
    ശേഷം കാസര്‍കോട് തന്നെ മറ്റൊരു സ്ഥാപനത്തിന്റെ ആവശ്യകത മനസ്സിലാക്കുകയും 1993-ല്‍ ചട്ടഞ്ചാല്‍ മാഹിനാബാദില്‍ മലബാര്‍ ഇസ്‌ലാമിക് കോംപ്ലക്‌സ് എന്ന പേരില്‍ പുതിയൊരു സംരംഭത്തിന് തുടക്കം കുറിക്കുകയും ചെയ്തു. അവിടെ ദാറുല്‍ ഇര്‍ഷാദ് അക്കാദമി, അര്‍ശദുല്‍ ഉലൂം കോളേജ് എന്നിവിടങ്ങളില്‍ അദ്ധ്യാപകനായി പ്രവര്‍ത്തിച്ചിട്ടുണ്ട്. ഇന്ന് സമസ്ത കേന്ദ്ര കമ്മിറ്റി ഉപാദ്യക്ഷനും ജില്ലാ കമ്മിറ്റി പ്രസിഡന്റുമാണ്.
    പ്രവര്‍ത്തന ഗോദയിലെ ശോഭിത വ്യക്തിത്വമായിരുന്നു അബ്ദുല്ല മൗലവിയുടേത്. ചെറുപ്പം കാലം മുതലേ രചനാരംഗത്ത് അതിനിപുണനാണ്. മാസികകള്‍, സോവനീറുകള്‍, വര്‍ത്തമാന പത്രങ്ങള്‍ തുടങ്ങിയവയില്‍ ധാരാളം ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. മാപ്പിളപ്പാട്ടിന്റെ നഷ്ട പൈതൃകം വീണ്ടെടുക്കാന്‍ അറബിമലയാളത്തില്‍ തന്റേതായ സംഭാവനകള്‍ നല്‍കി. ഫതഹുല്‍ കന്‍സ് എന്ന പേരില്‍ ഒരു അറബി മലയാള പദ്യ കൃതി രചിച്ചു. 1961-ല്‍ പ്രസിദ്ധീകൃമായി. ഗോളശാസ്ത്രത്തില്‍ ധാരാളം ഗ്രന്ദങ്ങള്‍ എഴുതി. അറബിയിലും മലയാളത്തിലും ഇംഗ്ലീഷിലും രചന നടത്തിയിട്ടുണ്ട്.
    പണ്ഡിതന്‍, നിയമാധിപന്‍, സംഘാടകന്‍, പ്രവര്‍ത്തകന്‍, പ്രഭാഷകന്‍, എഴുത്ത്കാരന്‍, സാഹിത്യകാരന്‍ എന്നീരംഗങ്ങളില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചു. ഗോളശാസ്ത്രത്തോടും പള്ളി-വീട് സ്ഥലനിര്‍ണ്ണയ ശാസ്ത്രത്തോടുമാണ് കൂടുതല്‍ താല്‍പര്യം. സാമൂഹിക-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ പേരില്‍ പല അംഗീകാരങ്ങളും ലഭിച്ചു. യു എ ഇ, ബഹ്‌റൈന്‍, ഒമാന്‍, ഖത്തര്‍, സിങ്കപ്പൂര്‍, മലേഷ്യ തുടങ്ങിയ വിദേശരാഷ്ട്രങ്ങള്‍ സന്ദര്‍ഷിച്ചിട്ടുണ്ട്. ദുബൈ ഔഖാഫിന്റെ ഔദ്യോഗിക ക്ഷണം ലഭിച്ചിരുന്നു. പ്രസിദ്ധീകൃതവും അപ്രകാശിതവുമായ അനവധഇ ഗ്രന്ദങ്ങളുടെ രചയിതാവാണ്. പ്രധാന രചനകള്‍ ഇവയാണ്.
    1. ഫതഹുല്‍ ഖന്‍സ് (അറബി മലയാളം)
    2. തസ്‌വീദുല്‍ ഫികരി വല്‍ ഹിമം ഫീതബ്‌യീനി നിസാബത്തി വല്‍ ലോഗാരിതം.
    3. ഇല്‍മുല്‍ ഫലക് അലാ ളൗഇ ഇല്‍മില്‍ ഹദീസ്.
    4. ഇസ്തിഖ്‌റാജു ഔഖാത്തി സ്വലാത്തി വ സ്വുമൂത്തില്‍ ഖിബ്‌ല അലാ ഹിസാബി ലോഗോരിതം.
    5. അല്‍ ബൂസ്വിലത്തുല്‍ മിഗ്‌നാതീസ്വിയ്യ വ ഇന്‍ഹിറാഫുഹാ അനില്‍ ജിഹത്തില്‍ അസ്വിലിയ്യ:
    6. ആദാബുസ്സ്വിയാമി വ ഫവാഇദുഹാ
    7. ചരിത്ര ശകലങ്ങള്‍

No comments:

Post a Comment