Monday, December 9, 2019

മലയാളത്തിലെ സൂഫിസം: ആശയവും പരിസരവും

സൂഫിസത്തെക്കുറിച്ച മിഥ്യാധാരണകള്‍ തിരുത്താനും തസ്വവ്വുഫിന്റെ ആത്മാവ് തിരിച്ചറിയാനും ഏറെ ഉപകാരപ്രദമാണ് പ്രമുഖ സൂഫിവര്യന്‍ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്്‌ലിയാരെ വായിക്കുന്നത്. ആധുനിക ലോകത്ത് ഒരു മനുഷ്യന്‍ എങ്ങനെ ജീവിക്കണമെന്ന വലിയ സന്ദേശം ആ ജീവിതം നമുക്ക് പകര്‍ന്നുതരുന്നു. സ്വാര്‍ത്ഥതയും ദുരഭിമാനവും ഹൃദയങ്ങളെ കാര്‍ന്നുതിന്നുന്ന പുതിയ പരിസരത്തില്‍ നിഷ്‌കളങ്കമായ സ്‌നേഹംകൊണ്ട് ജനഹൃദയങ്ങളെ കൂട്ടിയിണക്കുന്നത് സൂഫികളാണ്. സൂഫിസം വേറിട്ട ഒരു വഴിയല്ല; അത് സമ്പൂര്‍ണ മനുഷ്യനെ സൃഷ്ടിക്കുന്ന ഒരു പാഠശാലയാണെന്ന് ഉസ്താദ് സ്വന്തം ജീവിതത്തിലൂടെ പഠിപ്പിച്ചു.

കേരളത്തിലെ സൂഫിസത്തിന്റെ വേറിട്ടൊരു വായനാണ് ആ മഹല്‍ ജീവിതം. മഖ്ദൂമുമാരും മമ്പുറം തങ്ങന്മാരും പരിചയപ്പെടുത്തിയ തസ്വവ്വുഫിന്റെ ക്രിയാത്മക ലോകം ആ ജീവിത ചിന്തകളിലൂടെ തരളിതമാകുന്നതു കാണാം. ദുര്‍ഗ്രഹമായ തത്ത്വങ്ങളും സിദ്ധാന്തങ്ങളും പറയുന്നതിനു പകരം തസ്വവ്വുഫിനെ സരളമായി ജീവിച്ചുകാണിച്ചുവെന്നതാണ് ആ ജീവിതത്തിന്റെ ഏറ്റവും വലിയ പ്രത്യേകത. ഉപദേശങ്ങള്‍ക്കപ്പുറം ആ ജീവിതം കണ്ടുകൊണ്ടാണ് ജനങ്ങളില്‍ മാറ്റങ്ങളുണ്ടായത്. പ്രവാചകാനുചരന്മാരെ പോലെയും ഉന്നത ശീര്‍ഷകരായ അവരുടെ പിന്‍ഗാമികളെ പോലെയും പുതിയ കാലത്ത് ജീവിക്കല്‍ സാധ്യമാണോ എന്ന ചോദ്യത്തിനുള്ള മറുപടികൂടിയായിരുന്നു ഉസ്താദ്. തിരുസുന്നത്തുകളുടെ ജീവിതാവിഷ്‌കാരമായിരുന്നു ആ ജീവിതം.

നൂറ്റാണ്ടില്‍ അപൂര്‍വമായി മാത്രം കടന്നുവരുന്ന യുഗപുരുഷന്മാരുടെ ഗണത്തില്‍ ഒരാളായി വേണം അവരെ മനസ്സിലാക്കാന്‍. ജീവിതംകൊണ്ട് തസ്വവ്വുഫിനെ വരച്ചുകാണിച്ച അസാധാരണ സൂഫീപണ്ഡിതനായിരുന്നു അദ്ദേഹം.

കേരളത്തില്‍ സൂഫിസത്തിന് സമഗ്രവും സമ്പന്നവുമായ ഒരു ചരിത്രമുണ്ട്. സംഘടിത പ്രസ്ഥാനമായി രൂപപ്പെട്ടുവന്ന കാലത്തു തന്നെ അത് മലബാര്‍ തീരങ്ങളില്‍ വന്നുചേര്‍ന്നിട്ടുണ്ടെന്നതാണ് ചരിത്ര മതം. ലോകത്തെ പ്രമുഖ സൂഫീസരണികളിലധികവും കേരള ജനങ്ങള്‍ക്കിടയില്‍ വേരു നേടിയിട്ടുണ്ട്. കേരള മുസ്്‌ലിംകളുടെ ചിന്തയിലും സംസ്‌കാരത്തിലും ജീവിതത്തിലും തസ്വവ്വുഫ് അലിഞ്ഞുചേര്‍ന്നത് അതുകൊണ്ടാണ്. പ്രഗല്‍ഭരും ആത്മജ്ഞാനികളുമായ ധാരാളം ഗുരുക്കന്മാര്‍ വിവിധ നൂറ്റാണ്ടുകളിലായി ഈ മണ്ണിലൂടെ കടന്നുപോയി. വിദേശികളും തദ്ദേശീയരുമായ അവരുടെ നിരന്തരമായ ഇടപെടലുകളാണ് ഈ നാടിന് ആത്മീയതയുടെ സൗരഭം നല്‍കിയത്.

ശാദുലി സരണി കേരളത്തില്‍ വിവിധ വഴികളിലൂടെ കടന്നുവന്നത് കാണാം. നൂറ്റാണ്ടുകള്‍ക്കു മുമ്പുതന്നെ മലബാറില്‍ അതിന്റെ പ്രചാരത്തിന് തുടക്കം കുറിച്ചിട്ടുണ്ട്. സിറിയന്‍ ആത്മജഞാനികളായ ശൈഖ് അബ്്ദുല്‍ ഖാദിര്‍ ഈസാ (റ) യുടെയും ശൈഖ് സഅ്ദുദ്ദീന്‍ മുറാദി (റ) ന്റെയും താവഴിയില്‍ ഉസ്താദിലൂടെ അത് കടന്ന് വന്നത് മലബാറിന്റെ സൂഫീചരിത്രത്തില്‍ പുതിയൊരു ഉണര്‍വ് സൃഷ്ടിച്ചു. ജീവിതത്തിന്റെ ലക്ഷ്യം മനസ്സിലാക്കാതെ വഴികേടിലായി ജീവിച്ച വലിയൊരു സമൂഹം ജീവിത വിശുദ്ധിയിലേക്ക് തിരിച്ചുനടക്കാന്‍ ഇതിലൂടെ വഴിയൊരുങ്ങി. സാധാരണക്കാര്‍ക്കിടയിലും പണ്ഡിതന്മാര്‍ക്കിടയിലും അഭ്യസ്ഥവിദ്യര്‍ക്കിടയിലും വലിയ വേരോട്ടമാണ് ഇതിന് ലഭിച്ചിരുന്നത്. ശാദുലീ ഖലീഫയായിരുന്ന ഉസ്താദ് അവര്‍ക്കുവേണ്ട മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കി.

അത്തിപ്പറ്റ ഉസ്താദിന്റെ ജീവിതത്തെ മുന്‍നിര്‍ത്തി തസ്വവ്വുഫിനെയും കേരളത്തിലെ സൂഫീചരിത്രത്തെയും വായിക്കാനുള്ള ഒരു എളിയ ശ്രമമാണ് ഈ ഗ്രന്ഥം. തസ്വവ്വുഫ്, ശാദുലീ ത്വരീഖത്ത്, കേരളത്തില്‍ സൂഫിസത്തിന്റെ സ്വാധീനം, കേരളത്തില്‍ ശാദുലീ ത്വരീഖത്തിന്റെ പ്രചാരം തുടങ്ങിയവ ഇതില്‍ വിശദമായി പഠനവിധേയമാക്കുന്നുണ്ട്. ഉസ്താദിന്റെ പ്രവര്‍ത്തന ലോകത്തെ മുന്‍നിര്‍ത്തി കേരളത്തിലെയും ചരിത്രത്തിലെയും തസ്വവ്വുഫിന്റെ ചരിത്രവും സ്വാധീനവുമാണ് ഇതിലൂടെ അനാവൃതമാകുന്നത്. തസ്വവ്വുഫ് എന്താണെന്ന് മനസ്സിലാക്കാനും അതിന്റെ ക്രിയാത്മക ലോകം എത്രമാത്രം സജീവമായിരുന്നുവെന്ന് തിരിച്ചറിയാനും ഇത് സഹായകമാകും.

സുദീര്‍ഘമായ അന്വേഷണങ്ങളുടെ അനന്തരഫലമാണ് ഈ ഗ്രന്ഥം. വിശിഷ്യാ, അത്തിപ്പറ്റ ഉസ്താദിന്റെ ജീവിത യാത്രയിലെ പ്രധാനപ്പെട്ട സ്ഥലങ്ങള്‍ നേരിട്ട് സന്ദര്‍ശിച്ചും ആ ജീവിതത്തിന്റെ നിഴലായി നിരന്തരം കൂടെനടന്ന അനവധി പേരെ നേരില്‍ കണ്ടും വിവരങ്ങള്‍ ശേഖരിച്ച് പുതിയൊരു രൂപത്തില്‍ അവതരിപ്പിക്കാനുള്ള ശ്രമം. ഒരു ജീവചരിത്രത്തിനും കേരളത്തിലെ സൂഫിസത്തിന്റെ പ്രചാരത്തെക്കുറിച്ച ഒരു അക്കാദമിക പഠനത്തിനുമിടയില്‍ സാധ്യതയുടെ പുതിയൊരു സൂഫീചരിത്രപഠന വഴിയാണ് ഇതില്‍ അവലംബിച്ചിരിക്കുന്നത്. മൗലികമായ ചരിത്ര ഗ്രന്ഥങ്ങളും ചരിത്രകാരന്മാരെയും ഇതിന് വേണ്ടി ആശ്രയിച്ചിട്ടുണ്ട്.

No comments:

Post a Comment