Monday, December 9, 2019



മലയാളത്തിലെ സൂഫിസം: ശാദിലി സരണിയും അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരും

കേരളത്തില്‍ സൂഫിസത്തിന്റെ ചരിത്രവും സ്വാധീനവും സമഗ്രമായി അന്വേഷിക്കുന്ന അക്കാദമിക പഠനങ്ങള്‍ വളരെ കുറവാണ്. വിവിധ കാലങ്ങളില്‍ കടന്നുവന്ന സൂഫികളെ കുറിച്ചുള്ള പരിമിതമായ വായനകള്‍ മാത്രമാണ് നടന്നിട്ടുള്ളത്. ഈ നൂറ്റാണ്ടില്‍ കേരളം സാക്ഷിയായ പ്രമുഖ സൂഫികളിലൊരാളായ‍ അത്തിപ്പറ്റ മുഹ്‌യിദ്ദീന്‍ കുട്ടി മുസ്‌ലിയാരെ മുന്‍നിര്‍ത്തി തസ്വവ്വുഫിനെയും കേരളത്തില്‍ അതിന്റെ പ്രചാരത്തെയും അന്വേഷിക്കുന്ന ശ്രദ്ധേയമായൊരു പഠന ഗ്രന്ഥമാണ് തിങ്കളാഴ്ച വളാഞ്ചേരി അത്തിപ്പറ്റ വെച്ച് പ്രകാശിതമാകാന്‍പോകുന്ന - മലയാളത്തിലെ സൂഫിസം.
സൂഫിസം വേറിട്ടൊരു സൃഷ്ടിയല്ലെന്നും അത് ഇസ്‌ലാം നിഷ്‌കര്‍ഷിക്കുന്ന ജീവിതത്തിന്റെ സമ്പൂര്‍ണമായ ആവിഷ്‌കാരമാണെന്നും ആ ജീവിതം സാക്ഷ്യപ്പെടുത്തുന്നു. സൂഫിസം പര്‍ണശാലയില്‍ ഒതുങ്ങിക്കഴിയുന്ന ഒരു ആദര്‍ശത്തിന്റെ മാത്രം പേരല്ല; അതൊരു ആക്ടിവിസംകൂടിയാണെന്ന് അദ്ദേഹം സ്വന്തം ജീവിത്തിലൂടെ തെളിയിച്ചു. ആധുനിക കാലത്ത് എങ്ങനെ ഒരു മനുഷ്യന് മുസ്‌ലിമായി ജീവിക്കാം എന്നതിനുള്ള പ്രായോഗിക മാതൃകയായിരുന്നു ആ ജീവിതം. ആള്‍ക്കൂട്ടത്തില്‍ ജീവിക്കുകയും തസ്വവ്വുഫിന്റെ ആഴങ്ങളില്‍ വിരാജിക്കുകയും ചെയ്ത ഒരു സൂഫിയുടെ വേറിട്ട ജീവിതം പറയുന്ന കൃതി.
 ചരിത്രാന്വേഷി കൂടിയായ ഡോ. മോയിന്‍ മലയമ്മയാണ് രചയിതാവ്. അത്തിപ്പറ്റ ഫതഹുല്‍ ഫത്താഹ് സെന്‍ററാണ് പ്രസാധകര്‍. 864 പേജ് വരുന്ന ഈ ഗ്രന്ഥം കേരളത്തിലെ സൂഫിസം പഠിക്കുന്നവര്‍ക്കുള്ള വലിയൊരു ചരിത്ര സ്രോതസാണ്. സൂഫിസത്തെ കുറിച്ച തെറ്റിദ്ധാരണകള്‍ തിരുത്താനും ഇത് ഏറെ ഉപകരിക്കും.

No comments:

Post a Comment