Tuesday, June 6, 2023

തൃശൂര്‍ മുസ്‌ലിംകള്‍: ചരിത്രവും സമൂഹവും

  


മുസ്‌ലിം ജീവിതത്തിനു നൂറ്റാണ്ടുകളുടെ ചരിത്രവും പാരമ്പര്യവുമുള്ള മണ്ണാണ് കേരളത്തിന്റെ സാംസ്‌കാരിക തലസ്ഥാനമായി അറിയപ്പെടുന്ന തൃശൂര്‍. കൊടുങ്ങല്ലൂരിലെ ചേരമാന്‍ പള്ളി മുതല്‍ വര്‍ത്തമാന കാലം വരെ സമ്പന്നമായൊരു പൈതൃകം അതിനവിടെ അവകാശപ്പെടാനുണ്ട്. കേരള മുസ്‌ലിംകളെ കുറിച്ച് വിവിധ കോണുകളില്‍നിന്നുള്ള അനവധി പഠനങ്ങള്‍ പുറത്തുവന്നിട്ടുണ്ടെങ്കിലും തൃശൂര്‍ മുസ്‌ലിംകളെ മാത്രം മുന്‍നിര്‍ത്തിയുള്ള അത്തരം പഠനങ്ങള്‍ ഇതുവരെയും ഉണ്ടായിട്ടില്ല. മത-സാമൂഹിക-രാഷ്ട്രീയ-സാംസ്‌കാരിക-സാമ്പത്തിക-ആത്മീയ-കലാ-സാഹിതീയ മേഖലകളില്‍ നൂറ്റാണ്ടുകളിലൂടെ അവര്‍ ആര്‍ജ്ജിച്ചെടുത്ത മികവ് കേരളത്തിന്റെ പൊതു ചരിത്രത്തില്‍ തന്നെ രേഖപ്പെടുത്തപ്പെട്ടിട്ടുണ്ട്. ജില്ലയുടെ ചിതറിക്കിടന്നിരുന്ന ഈ ചരിത്ര വസ്തുതകളെ സമാഹരിച്ച്, അക്കാദമികമായി അടയാളപ്പെടുത്താനുള്ള ഒരു ശ്രമമാണ് ഈ ഗ്രന്ഥം.


തൃശൂര്‍ ജില്ലയിലെ പ്രമുഖ പണ്ഡിതനും കേരളം മുഴുക്കെ അറിയപ്പെടുന്ന മത-വിദ്യാഭ്യാസ പ്രവര്‍ത്തകനുമായിരുന്ന എം.കെ.എ. കുഞ്ഞുമുഹമ്മദ് മുസ്‌ലിയാ (1926-2015) രുടെ സ്മരണാര്‍ത്ഥമാണ് ഇങ്ങനെയൊരു പഠനം തയ്യാറാക്കപ്പെട്ടിട്ടുള്ളത്. തൃശൂര്‍ മുസ്‌ലിംകളെ ആത്മീയമായി സമുദ്ധരിക്കുന്നതിനും വിദ്യാഭ്യാസപരമായി ശാക്തീകരിക്കുന്നതിനും തന്റെ ജീവിതം ഉഴിഞ്ഞുവച്ച അദ്ദേഹത്തിനു തന്റെ വിയോഗാനന്തരം സമര്‍പ്പിക്കാന്‍ പറ്റിയ ഏറ്റവും അനുയോജ്യമായ ഒരു ഉപഹാരമായിരിക്കുമിത്. തന്റെ കഠിനാദ്ധ്വാനത്തിലൂടെ ജില്ലയിലെ നിരാലംബരും നിസ്സഹായരുമായ അനവധി പേര്‍ക്ക് വിദ്യാഭ്യാസത്തിലൂടെ ജീവിതവും ആത്മാഭിമാനവും നല്‍കിയ അദ്ദേഹത്തിന്റെ ഓര്‍മകള്‍ ജില്ലയിലെ മുസ്‌ലിംകളെ കുറിച്ചുള്ള ഒരു ബൃഹദ് ഗ്രന്ഥത്തിലൂടെ നിലനിര്‍ത്തപ്പെടുന്നത് കൂടുതല്‍ സംഗതമാണ്. ഇരുന്നൂറോളം പേജുകളിലായി തൊഴിയൂര്‍ ഉസ്താദിന്റെ സമഗ്ര ജീവിതവും സംഭാവനകളും വിശദമായി തന്നെ പുസ്തകത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.  


കൊടുങ്ങല്ലൂരിന്റെ ചരിത്രം, മാലിക് ബിന്‍ ദീനാറും സംഘവും, ചേരമാന്‍ പെരുമാളും കേരള മുസ്‌ലിം പൈതൃകവും, ചേരമാന്‍ മസ്ജിദ്: ഇന്ത്യയിലെ പ്രഥമ പള്ളി, ചാവക്കാട്: മുസ്‌ലിം ജീവിതത്തിന്റെ വേരോടിയ നാട്, ചരിത്രം സ്പന്ദിക്കുന്ന പഴയകാല മുസ്‌ലിം കേന്ദ്രങ്ങള്‍, അധിനിവേശത്തെ ചെറുത്ത തൃശൂര്‍ തീരങ്ങള്‍, ഡച്ചുകാരും തൃശൂര്‍ മുസ്‌ലിംകളും, തൃശൂരും മൈസൂര്‍ സുല്‍ത്താന്മാരും, മണത്തല ഹൈദ്രോസ് കുട്ടി മൂപ്പന്‍: ചരിത്രവും വാമൊഴിയും, ബ്രിട്ടീഷ് ഭരണത്തിനു കീഴിലെ തൃശൂര്‍ മുസ്‌ലിംകള്‍, 1921 ലെ മലബാര്‍ സമരവും തൃശൂരിലെ സംഭവങ്ങളും, ദേശീയ പ്രസ്ഥാനവും തൃശൂര്‍ മുസ്‌ലിംകളും, ഖിലാഫത്ത്-കോണ്‍ഗ്രസ് സമര നായകന്മാര്‍, കൊച്ചി സ്‌റ്റേറ്റിനു കീഴിലെ മുസ്‌ലിംകള്‍, തൃശൂരിലെ ഹനഫി മുസ്‌ലിംകള്‍, സൂഫികളും സാമൂഹിക സമുദ്ധാരണവും, സയ്യിദ് കുടുംബങ്ങളും മത സാമൂഹിക നേതൃത്വവും, മത പണ്ഡിതന്മാരും വൈജ്ഞാനിക സംഭാവനകളും, സാമൂഹിക രാഷ്ട്രീയ രംഗത്തെ പ്രധാനികള്‍, സാഹിത്യകാരന്മാരും ഗ്രന്ഥകാരന്മാരും, മാപ്പിള സാഹിത്യ പാരമ്പര്യം, മാപ്പിള കലകളിലെ സാന്നിധ്യം, ചന്ദനക്കുടം നേര്‍ച്ചകളും ഉറൂസുകളും, ചരിത്രം പറയുന്ന പള്ളികള്‍, ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, ജില്ലയില്‍ സമസ്തയുടെ ചരിത്രവും സ്വാധീനവും, മത സംഘടനകള്‍, വ്യാപാര - വ്യവസായ രംഗം, മുസ്‌ലിം പ്രസിദ്ധീകരണങ്ങള്‍ തുടങ്ങി വിവിധ വിഷയങ്ങള്‍ പുസ്തകം ചര്‍ച്ച ചെയ്യുന്നു.


തൊഴിയൂര്‍ ഉസ്താദിന്റെ ജീവിതവും സംഭാവനകളും ചര്‍ച്ച ചെയ്യുന്ന ഭാഗത്ത് താഴെ പറയുന്ന അധ്യായങ്ങളും ഉള്‍കൊള്ളിച്ചിട്ടുണ്ട്: ഒരു നവോത്ഥാന നായകന്റെ ഉദയം, രൂപപ്പെടുത്തിയ പരിസരം, പരിവര്‍ത്തനങ്ങളുടെ പഠന കാലം, ഉപരിപഠനത്തിന്റെ ദാറുല്‍ഉലൂം ഘട്ടം, അധ്യാപനത്തിന്റെ ക്രിയാത്മക കാലങ്ങള്‍, നാടും വീടും കുടുംബവും, പ്രവര്‍ത്തകനായ പണ്ഡിതന്‍, മദ്‌റസ പ്രസ്ഥാനത്തിന്റെ നേതൃനിരയില്‍, ദാറുറഹ്മ: നാടിന്റെ നവോത്ഥാന സൂര്യന്‍, സാരഥ്യമരുളിയ വിദ്യാഭ്യാസ കേന്ദ്രങ്ങള്‍, ജില്ലയില്‍ സുന്നത്ത്ജമാഅത്തിനു കാവല്‍ നിന്ന ജീവിതം, തൃശൂര്‍ ജില്ല ജംഇയ്യതുല്‍ ഉലമ, ക്രിയാത്മകതയുടെ വിവിധ മുഖങ്ങള്‍, സമസ്തയിലെ കര്‍മ കാലങ്ങള്‍, റഹ്മതും ഹിക്മതും ജില്ലയില്‍ പെയ്തിറങ്ങിയ കാലം, ആത്മീയ ബന്ധങ്ങളും ജീവിത വിശുദ്ധിയും, വേറിട്ട വ്യക്തിത്വം കണിശമായ നിലപാട്, തൃശൂരിലെ ഉണര്‍വും ഉസ്താദിന്റെ വിയോഗവും...


മധ്യ കേരളത്തെ സമഗ്രമായി പഠനവിധേയമാക്കുന്നവര്‍ക്കും തൃശൂര്‍ മുസ്‌ലിം ചരിത്രം കൂടുതല്‍ അടുത്തറിയാന്‍ ആഗ്രഹിക്കുന്നവര്‍ക്കും വലിയൊരു റഫറന്‍സാണ് ഈ ഗ്രന്ഥം. വിശേഷിച്ചും മൈക്രോ ഹിസ്റ്ററിയും ലോക്കല്‍ ഹിസ്റ്ററിയും ഏറെ വികസിച്ച ഈ കാലത്ത് സവിശേഷ ഇടങ്ങളെ മുന്‍നിര്‍ത്തിയുള്ള പഠനങ്ങള്‍ക്ക് കൂടുതല്‍ പ്രസക്തിയുണ്ട്. ചരിത്രത്തിന്റെ സത്യസന്ധമായ കൂടുതല്‍ അടരുകളിലേക്കു നേരിട്ടു കടന്നു ചെല്ലാന്‍ ഇത് ഗവേഷകരെ സഹായിക്കുന്നു. രേഖപ്പെടുത്തപ്പെടാത്തതു കൊണ്ടു മാത്രം ചരിത്രത്തില്‍നിന്നു അന്യംനിന്നുപോയേക്കാവുന്ന അനവധി ചരിത്രങ്ങളും സംഭവങ്ങളും ഇതില്‍ കോര്‍ത്തുവെക്കപ്പെട്ടിട്ടുണ്ട്. സംഭവബഹുലമായ ജീവിതം നയിക്കുകയും സാമൂഹിക നിര്‍മിതിക്ക് ഉതകുന്ന വിധം വിലപ്പെട്ട സംഭാവനകള്‍ നല്‍കുകയും ചെയ്ത അനവധി പ്രതിഭകളെയും ഇതിലൂടെ പരിചയപ്പെടുത്തിയിരിക്കുന്നു. കേരളപഠനം എന്ന ചരിത്രശാഖയിലേക്കുള്ള വിലപ്പെട്ടൊരു സംഭാവനയായിവേണം ഈ ഗ്രന്ഥത്തെ കണക്കാക്കാന്‍.

1976 ല്‍ തൊഴിയൂര്‍ ഉസ്താദിന്റെ നേതൃത്വത്തില്‍ ജില്ലയില്‍ പ്രവര്‍ത്തനമാരംഭിച്ച ഒരു മത-ഭൗതിക വിദ്യാഭ്യാസ സമുച്ചയമാണ് തൊഴിയൂര്‍ ദാറുറഹ്മ. 1987 ല്‍ അദ്ദേഹത്തിന്റെതന്നെ പത്രാധിപത്യത്തില്‍ അവിടെനിന്നു പുറത്തിറങ്ങിയിരുന്ന  പ്രസിദ്ധീകരണമാണ് റഹ്മത്ത് മാസിക. അദ്ദേഹത്തിന്റെ തന്നെ റഹ്മത്ത് പബ്ലിക്കേഷനു കീഴിലാണ് ഇത് പ്രസിദ്ധീകരിക്കപ്പെട്ടിരുന്നത്. തൊഴിയൂര്‍ ഉസ്താദിന്റെ മെമ്മേറിയല്‍ വോള്യമായി പുറത്തിറക്കുന്ന ഈ ഗ്രന്ഥവും പ്രസ്തുത റഹ്മത്ത് പബ്ലിക്കേഷനു കീഴിലാണ് പ്രസിദ്ധീകരിക്കപ്പെടുന്നതെന്നത് ഒരു ചരിത്രനിയോഗമായിരിക്കാം.

തൃശൂര്‍ മുസ്ലിംകള്‍: ചരിത്രവും സമൂഹവും
ഡോ. മോയിന്‍ മലയമ്മ
പ്രസാധനം: റഹ്മത്ത് പബ്ലിക്കേഷന്‍ തൊഴിയൂര്‍, തൃശൂര്‍
വിതരണം: ബുക്പ്ലസ്, കോഴിക്കോട്
കോണ്ടാക്റ്റ്: 9562661133

No comments:

Post a Comment