Sunday, March 13, 2011

അദ്ദഅ്‌വ മാസിക: കാലം ഏറ്റുപറഞ്ഞ പത്രാധിപ ശൈലി



സി.എം. ഉസ്താദ് ഏതൊരു കാര്യം സ്പര്‍ശിച്ചോ അത് പൊന്നായി മാറിയിട്ടേ ചരിത്രമുള്ളൂ. പ്രവര്‍ത്തനത്തിന് ഏതൊരു  മേഖല തെരഞ്ഞെടുത്തോ അത് വിജയത്തില്‍ ചെന്നു കലാശിച്ചിട്ടേയുള്ളൂ. ഉസ്താദിനെ ശരിക്കും അനുഭവിച്ചറിഞ്ഞ കാസര്‍കോട്ടുകാര്‍ ഒരു പഴമൊഴി പോലെ പറഞ്ഞുവരുന്ന കാര്യമാണിത്. ചരിത്രം അതിനു സാക്ഷിയുമായിരുന്നു. ഉസ്താദ് കാലുവെച്ച യാതൊരു പദ്ധതിയും പരാജയപ്പെട്ടിട്ടില്ല. ഉസ്താദിന്റെ കൈകള്‍കൊണ്ടു തുടങ്ങിയ യാതൊരു സംരംഭവും പാതിവഴിയില്‍ കൂമ്പൊടിഞ്ഞുപോയിട്ടില്ല. പ്രത്യുത, അവയെല്ലാം ചരിത്രത്തില്‍ ശ്രദ്ധേയമായ വഴിത്തിരിവുകളും ചുവടുകളുമായി പരിണമിക്കുകയായിരുന്നു.


അതിന്റെ മറ്റൊരു സാക്ഷ്യമായിരുന്നു അദ്ദഅവ മാസിക.  1983 ല്‍ കാസര്‍കോട് കളനാട് സഅദിയ്യയില്‍നിന്നും സി.എം. അബ്ദുല്ല മൗലവിയുടെ പത്രാധിപത്യത്തില്‍ പ്രസിദ്ധീകരിച്ചു തുടങ്ങിയ പ്രസിദ്ധീകരണം. സി.എം ഉസ്താദിന്റെ ചിന്താവികാസത്തിന്റെയും പ്രവര്‍ത്തന സന്നദ്ധതയുടെയും പൊതുജനാംഗീകാരത്തിന്റെയും ഏറ്റവും വലിയൊരു ഉദാഹരണമായിരുന്നു ഇത്. എഴുത്തിന്റെയും സാമൂഹിക പ്രവര്‍ത്തനങ്ങളുടെയും ഇസ്‌ലാമിക ദഅവത്തിന്റെയും ശക്തമായ വഴികളിലൂടെ മുന്നോട്ടുപോയിക്കൊണ്ടിരിക്കുമ്പോഴാണ് ഒരു പ്രസിദ്ധീകരണത്തിലൂടെ സമൂഹവുമായി സംവദിക്കുന്നതിന്റെ സ്‌കോപ് തിരിച്ചറിയുന്നത്. പിന്നീട് കുറച്ചു കാലമുള്ള നെട്ടോട്ടം അതിനുവേണ്ടിയായിരുന്നു: കേരളീയ പശ്ചാത്തലത്തില്‍ കേരളീയ മുസ്‌ലിംകളോട് സംവദിക്കുന്ന വിധത്തില്‍ മലയാളത്തില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുക. സ്വപ്നം വളരെ വേഗത്തില്‍ തന്നെ സാക്ഷാല്‍കരിക്കപ്പെട്ടു. 1983 ജൂലൈ 15 ന് മാസികയുടെ പ്രഥമ ലക്കം (ലക്കം 1 പുസ്തകം 1) പുറത്തിറങ്ങി.  സഅദിയ്യയുടെ നായകനായ സി.എം ഉസ്താദിനെ പൊതുജനത്തിനും നേതാക്കള്‍ക്കും അത്രയും വിശ്വാസമായിരുന്നു. 

അദ്ദഅ്‌വ ഇസ്‌ലാമിക സാംസ്‌കാരിക മാസിക എന്നായിരുന്നു മാസികയുടെ പൂര്‍ണ്ണ നാമം. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയും പോഷക ഘടകങ്ങളും സംയുക്തമായിട്ടായിരുന്നു ഇത് പ്രസിദ്ധീകരിച്ചിരുന്നത്. സി.എം ഉസ്ദായിരുന്നു മാസികയുടെ എല്ലാമെല്ലാം. ഉസ്താദിന്റെ ചിന്തയും പ്രവര്‍ത്തനങ്ങളുടെ ഫലവുമാണ് ഓരോ മാസവും അക്ഷരങ്ങളായി പുറത്തു വന്നിരുന്നത്.

1983 ജൂലൈ പതിനഞ്ചിന് പുറത്തിറങ്ങിയ അദ്ദഅവ പ്രഥമ ലക്കത്തിന്റെ ഒന്നാം പേജില്‍വന്നതനുസരിച്ച് അതിന്റെ പത്രാധിപ സമിതി ഇവരാണ്:

ചീഫ് എഡിറ്റര്‍: സി.എം. അബ്ദുല്ല മൗലവി, 
                  ചെമ്പിരിക്ക
സബ് എഡിറ്റര്‍: പി.എ. അബ്ദുല്ല മൗലവി, മട്ടന്നൂര്‍
: എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
: ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസി

സമസ്ത കണ്ണൂര്‍ ജില്ലാ പ്രസിദ്ധീകരണ കമ്മിറ്റി ഇവരായിരുന്നു: 
ചെയര്‍മാന്‍:  സി.എം. അബ്ദുല്ല മൗലവി
ജ:സെക്രട്ടറി:   ആറളം അബ്ദുല്‍ ഖാദിര്‍ ഫൈസി
ജോ.സെക്രട്ടറി: പി.കെ. അബൂബക്ര്‍ മൗലവി
മെമ്പര്‍മാര്‍:      അബ്ദുറഹ്മാന്‍ കുഞ്ഞിക്കോയ തങ്ങള്‍
പി.എ. അബ്ദുല്ല മൗലവി
എം.എ. അബ്ദുല്‍ ഖാദിര്‍ മുസ്‌ലിയാര്‍
ടി.എ. മൊയ്തീന്‍ കുട്ടി മുസ്‌ലിയാര്‍, കെ.പി ഹംസ മുസ്‌ലിയാര്‍, കെ.പി. ഹമീദ് മൗലവി, എം.പി. ബാവ മൗലവി, സി.കെ. അബ്ദുല്ല മൗലവി, എ.പി. അബ്ദുല്ല മൗലവി, യു.എം. അബ്ദുറഹ്മാന്‍ മൗലവി, കെ.എസ്. സുലൈമാന്‍ ഹാജി, ബി.എസ്. അബ്ദുല്ല കുഞ്ഞി മൗലവി, കെ.ടി. അബ്ദുല്ല മൗലവി, പി.പി. അബ്ദുല്‍ ഹക്കീം മൗലവി, അഹ്മദ് കെ മാണിയൂര്‍
പ്രഥമ ലക്കത്തിന്റെ പൂമുഖത്തില്‍ ചീഫ് എഡിറ്റര്‍ മുസ്‌ലിംകള്‍ക്ക് ഇങ്ങനെയൊരു മാസിക പുറത്തിറക്കേണ്ടതിനുണ്ടായ ആവശ്യകതയും അനിവാര്യതയും അതിന്റെ ഉദ്ദേശ്യ ലക്ഷ്യങ്ങളും ഇങ്ങനെ വിവരിക്കുന്നു:

''പരമകാരുണികനും കരുണാനിധിയുമായ അല്ലാഹുവിന്റെ തിരുനാമത്തില്‍...

അവന്റെ കാരുണ്യവും രക്ഷയും അന്ത്യപ്രവാചകരായ മുഹമ്മദ് മുസ്ഥഫാ (സ്വ) യിലും മിത്രകളത്രാദികളിലും ശേഷം എല്ലാ സജ്ജനങ്ങളിലും വര്‍ഷിക്കുമാറാകാട്ടെ.

തൂലികാ പ്രചാരണം ഏറ്റവും അനിവാര്യമായ ഒരു കാലഘട്ടമാണിത്. സാക്ഷരത സാര്‍വത്രികമായിരിക്കുന്ന ഇന്ന് തൂലികാ വൈഭവം പതിന്‍മടങ്ങ് വര്‍ദ്ധിച്ചിരിക്കുന്നു. കയ്യില്‍ കിട്ടിയതെന്തും വായിച്ചുനോക്കാനുള്ള പൂതിയാണ് ഏതൊരാള്‍ക്കുമുള്ളത്. നല്ലതായാലും തിയ്യതായാലും ഇന്ന് ഏതും പ്രസിദ്ധിയാര്‍ജ്ജിക്കുന്നത് വരമാധ്യമത്തില്‍ കൂടിയാണ്.

ഈ സാഹചര്യത്തില്‍ സത്യാശയം സ്വകീയമാക്കിയിട്ടുള്ളവര്‍ അതിന്റെ പ്രചരണത്തിനായി പത്രമാസികകളെ അവലംബിക്കേണ്ടത് അത്യന്താപേക്ഷിതമായിത്തീര്‍ന്നിരിക്കുന്നു. സത്യമാര്‍ഗം പ്രകാശിതമാക്കുന്ന ആനുകാലിക പ്രസിദ്ധീകരണങ്ങള്‍ എത്രയുണ്ടെങ്കിലും അധികപ്പറ്റാവുകയില്ല. ഈ വസ്തുത മനസ്സിലാക്കിക്കൊണ്ട് അദ്ദഅവ ഇതാ വെളിച്ചം കാണുകയാണ്, അല്ലാഹുവിന്റെ അനുഗ്രഹത്തോടുകൂടി. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കണ്ണൂര്‍ ജില്ലാ കമ്മിറ്റിയുടെയും കീഴ്ഘടകങ്ങളുടെയും സന്തതിയായി. 1973 ല്‍തന്നെ ജില്ലാ കമ്മിറ്റി അംഗീകരിച്ച ഒരു പ്രമേയത്തലൂടെയാണ് ഈ ആശയം ഉല്‍ഭവിച്ചതെങ്കിലും അത് പ്രാവര്‍ത്തികമാക്കാന്‍ ഇപ്പോഴെങ്കിലും സാധിച്ചതില്‍ ഞങ്ങള്‍ അല്ലാഹുവിനെ സ്തുതിക്കുന്നു. ഈ മലയാള മാസികക്ക് നിങ്ങളുടെ നിരന്തരമായ സ്വാഗതവും സഹകരണവും ആവശ്യമാണെന്ന വസ്തുത സഹകരിക്കരുത്............. മതങ്ങളില്‍ സത്യമായത് ഇസ്‌ലാമാണ്. പ്രസ്ഥാനങ്ങളില്‍ സത്യമായത് അല്ലാഹുവിന്റെ പ്രസ്ഥാനമാണ്. സത്യമായ ആശയം സുന്നത്ത് ജമാഅത്തിന്റെ ആശയവും.  ഇക്കാര്യം ബോധ്യപ്പെടുത്തുവാന്‍ അദ്ദഅവ പരിശ്രമിക്കും, ഇന്‍ശാഅല്ലാഹ്.''

കൂടാതെ പ്രഥമ ലക്കത്തില്‍ തന്നെ സമസ്തയുടെ സെക്രട്ടറിയുടെയും പ്രസിഡന്റിന്റെയും സന്ദേശങ്ങളും ചേര്‍ത്തിരിക്കുന്നു:

''സമസ്തയുടെ കണ്ണൂര്‍ ജില്ലാ ഘടകം അദ്ദഅവ എന്ന പേരില്‍ ഒരു മാസിക പ്രസിദ്ധീകരിക്കുന്നുവെന്നറിഞ്ഞതില്‍ സന്തോഷിക്കുന്നു. റബ്ബുല്‍ ആലമീന്‍ അതിന് എല്ലാ നന്മയും വിജയവും നല്‍കട്ടെയെന്ന് പ്രാര്‍ത്ഥിക്കുകയും നന്മ നേരുകയും ചെയ്യുന്നു.'' 
   എന്ന്, 
                           കണ്ണിയത്ത് അഹ്മദ് മുസ്‌ലിയാര്‍ 

''സമസ്ത കണ്ണൂര്‍ ജില്ലാ ഘടകം പ്രസിദ്ധീകരിക്കുന്ന അദ്ദഅവാ മാസികക്ക് എല്ലാ നന്മകളും നേര്‍ന്നുകൊള്ളുന്നു. അഹ്‌ലുസ്സുന്നത്തി വല്‍ ജമാഅത്തിന്റെ ശരിയായ പാതയില്‍ ജനങ്ങളെ ഉറപ്പിച്ചു നിര്‍ത്താന്‍ അതിന് കഴിവും കരുത്തും ഉണ്ടാവട്ടെ എന്നു പ്രാര്‍ത്ഥിക്കുന്നു.''
                            എന്ന്, 
                           ഇ.കെ. അബൂബക്ര്‍ മുസ്‌ലിയാര്‍
സി.എം. ഉസ്താദിന്റെ തലയായിരുന്നു അദ്ദഅവ മാസികയെ പ്രവര്‍ത്തിപ്പിച്ചിരുന്നത്. പലയാളുകളുണ്ടായിരുന്നിട്ടും സി.എം. ഉസ്താദ് തന്നെ അതിന്റെ ചീഫ് എഡിറ്ററായി തെരഞ്ഞെടുക്കപ്പെട്ടു. കാര്യങ്ങള്‍ മുന്നോട്ടു കൊണ്ടുപോകുന്നതില്‍ ഉസ്താദിന്റെ ഇച്ഛാശക്തിക്കുള്ള അംഗീകാരമായിരുന്നു ഇത്. മാസികയുടെ പ്രിന്ററും പബ്ലിഷറും ഉസ്താദ് തന്നെയായിരുന്നു. ഉസ്താദിന്റെ നാമധേയത്തിലാണ് അത് പുറത്തിറങ്ങിയിരുന്നത്.

കേരളീയ പശ്ചാത്തലത്തില്‍ ഉത്തരമലബാറിനെ കേന്ദ്രമാക്കി എണ്‍പതുകളില്‍ ഒരു മാസിക പ്രസിദ്ധീകരിച്ചുവെന്നത് ശ്രദ്ധേയമായ ഒരു കാര്യംതന്നെയാണ്. തന്റെ പ്രവര്‍ത്തന ബാഹുല്യങ്ങള്‍ക്കിടയിലും വളരെ മനോഹരമായി ഈയൊരു മാസികയെ   ഏഴു-എട്ട് വര്‍ഷത്തോളം മുന്നോട്ടു കൊണ്ടുപോയി എന്നത് അല്‍ഭുതകരം തന്നെ. 

ഒരു ചീഫ് എഡിറ്റര്‍ എന്ന നിലക്ക് മാസികയുടെ പൂര്‍ണ  സുരക്ഷിതത്വം ഉസ്താദ് ഉറപ്പു വരുത്തിയിരുന്നു. വളരെ സമ്പന്നമായ ചര്‍ച്ചകളും പഠനങ്ങളും ലേഖനങ്ങളുമാണ് അതില്‍ വന്നിരുന്നത്. തസ്വവ്വുഫ് പംക്തി, വനിതകളോട്, കുട്ടികള്‍ക്കുവേണ്ടി തുടങ്ങി എല്ലാവരെയും പരിഗണിച്ചുകൊണ്ടുള്ള ധാരാളം പക്തികള്‍ അതില്‍ മുടങ്ങാതെ സംരക്ഷിച്ചുപോന്നിരുന്നു.

പ്രഥമ ലക്കത്തില്‍തന്നെ മുസ്‌ലിംകള്‍ കണ്ണു തുറക്കുമോ? എന്ന സാരഗര്‍ഭമായ ഒരു ലേഖകനമാണ് സി.എം. ഉസ്താദ് എഴുതിയിരിക്കുന്നത്. അതില്‍ പേരിനൊപ്പം പ്രൊഫസര്‍ ജാമിഅ സഅദിയ്യ എന്നു ചേര്‍ത്തിരിക്കുന്നു. അതിനുമുമ്പുള്ള ലേഖനം അന്നത്തെ സഅദിയ്യ പ്രന്‍സിപ്പളായിരുന്ന പി.എ. അബ്ദുല്ല മൗലവിയുടെതാണ്.

പേരില്‍ മാത്രം ഒതുങ്ങിനല്‍ക്കുന്നതായിരുന്നില്ല മാസികയുടെ ചീഫ് എഡിറ്റര്‍ഷിപ്. മാസികയുടെ എല്ലാ കാര്യങ്ങളും ഉസ്താദ് തന്നെയാണ് ശ്രദ്ധിച്ചിരുന്നത്. സമസ്തയുടെ കാഴിലാണെങ്കില്‍ കൂടി കളനാട് സഅദിയ്യയില്‍നിന്നുതന്നെ പുറത്തിറങ്ങാന്‍ കാരണമിതായിരുന്നു. ഉസ്താദിന്റെ ഡയറികള്‍ പരിശോധിച്ചപ്പോള്‍ അതിലൊന്നില്‍ അദ്ദഅവ വരിക്കാര്‍ എന്ന തലക്കെട്ടില്‍ മാസികയുടെ വരിക്കാരെ എഴുതി വെച്ചതു കാണാന്‍ കഴിഞ്ഞു. അവര്‍ മാസികക്ക് പണമടച്ചതും പണം തീരാനായതും എല്ലാം വളരെ മനോഹരമായി ഉസ്താദ് അതില്‍ കുറിച്ചുവെച്ചിട്ടുണ്ട്. വരിക്കാരുടെ നാടും സ്ഥലങ്ങളും ശ്രദ്ധിച്ചപ്പോള്‍ അല്‍ഭുതപ്പെട്ടുപോയി. മംഗലാപുരം, കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട് തുടങ്ങിയ ഭാഗങ്ങളില്‍നിന്നെല്ലാം അതിന് വരിക്കാരുണ്ടായിരുന്നു. ഇത്രമാത്രം വ്യാപകമായി വായിക്കപ്പെട്ടിരുന്ന മാസികയായിരുന്നു അദ്ദഅവ. മലപ്പുറത്തെയും പാക്കാട്ടെയും വരെ എഴുത്തുകാര്‍ അതില്‍ നിരന്തരം എഴുതിയിരുന്നു.

അദ്ദഅവയുമായി ബന്ധപ്പെട്ടുള്ള പ്രവര്‍ത്തനങ്ങള്‍ ഉസ്താദിന്റെ എഴുത്തിനെ നല്ലപോലെ അനുകൂലമായി ബാധിച്ചിരിക്കണം. ഈ കാലത്ത് ഓരോ ലക്കത്തിലും ഉസ്താദ് നിര്‍ബന്ധമായും തന്റെ ലേഖനം ഉള്‍ക്കൊള്ളിച്ചിരുന്നു. ചരിത്ര ശകലങ്ങളും സാമ്പത്തിക ശാസ്ത്രത്തിലെ പഠനവുമെല്ലാം ഖണ്ഡശ്ശയായി അങ്ങനെയാണ് പ്രസിദ്ധീകരിച്ചുവരുന്നത്.

സഅദിയ്യയുടെ പ്രചരണത്തിനും സന്ദേശം നാനാ ഭാഗങ്ങളിലേക്കും വ്യാപിക്കുന്നതിനും ഈ മാസിക കാരണമായിട്ടുണ്ട്. 

നമുക്കിടയില്‍ വളരെ മുമ്പു മുതല്‍തന്നെ മാസികകളുണ്ടായിരുന്നുവെങ്കിലും ഇന്നു നിലവിലുള്ള മാസകകളുടെയെല്ലാ വളരെ മുമ്പായിരുന്നു സി.എം. ഉസ്താദിന്റെ പത്രാധിപത്യത്തില്‍   അദ്ദഅവ തുടങ്ങിയത് എന്നതാണ് ഏറെ ശ്രദ്ധേയമായ ഒരു കാര്യം.  രിസാലയും ഇര്‍ഫാദും സുന്നി അഫ്കാറും സത്യധാരയും എല്ലാം തുടങ്ങുന്നതിന്റെ മുമ്പുതന്നെ ഇത് കേരളത്തില്‍ പ്രവര്‍ത്തനം തുടങ്ങിക്കഴിഞ്ഞിരുന്നു. ഇന്നത്തെ ആളുകളെല്ലാം ഈ മേഖലയിലേക്കു കടന്നുവന്നതോടെയാണ് സി.എം. ഉസ്താദ് ഈ മേഖലയില്‍നിന്നും മാറി നിന്ന് വിശ്രമമാരംഭിക്കുന്നത്.

ഡോക്ടര്‍ സി.കെ. കരീം തന്റെ കേരളമുസ്‌ലിം ഡയറക്ടറിയില്‍ കേരളത്തിലെ മുസ്‌ലിംകള്‍ക്കിടയില്‍നിന്നും പ്രസിദ്ധീകരിക്കപ്പെട്ട മാസികകളെ പരിചയപ്പെടുത്തുന്നിടത്ത് അദ്ദഅവയെയും  അതിന്റെ ചീഫ് എഡിറ്ററായിരുന്നു സി.എം. അബ്ദുല്ല മൗലവിയെയും പരാമര്‍ശിക്കുന്നുണ്ട്. 

No comments:

Post a Comment