Sunday, October 28, 2012

സിനിമകള്‍ സൃഷ്‌ടിക്കുന്ന സാമൂഹിക പരിസരം

സാമൂഹിക നിര്‍മിതിയിലെന്നപോലെ സാമൂഹിക മാറ്റങ്ങളിലും കലയും സാഹിത്യവും വലിയ പങ്ക്‌ വഹിക്കുന്നുണ്ട്‌. പോസിറ്റീവായും നെഗറ്റീവായും ഇത്‌ സംഭവിക്കുന്നു. മനുഷ്യന്റെ സര്‍ഗാത്മകതയുടെ ബഹിര്‍സ്‌ഫുരണങ്ങളായിട്ടാണല്ലോ കലാസാഹിത്യങ്ങള്‍ മനസ്സിലാക്കപ്പെടുന്നത്‌. അതുകൊണ്ടുതന്നെ, കാലാന്തരങ്ങളില്‍ ഉരുവംകൊള്ളുന്ന കലാസാഹിത്യരൂപങ്ങള്‍ അതതു ജനതയുടെ ഹൃദയം കവരുന്നതോ അവരെ വശീകരിക്കുന്നതോ ആയി കാണാം. കല കലക്കുവേണ്ടിയെന്നോ കല ജീവിതത്തിനുവേണ്ടിയെന്നോ ഉള്ള സൈദ്ധാന്തിക വ്യത്യാസമില്ലാതെത്തന്നെ ഇത്‌ ദൃശ്യമാകുന്നാണ്‌. എന്നാല്‍, ഈ മേഖലകളില്‍ ആധുനിക പ്രവണതകള്‍ സ്ഥാനം പിടിക്കുകയും കലയും സാഹിത്യവും ആവിഷ്‌കാരത്തിന്റെ പുതിയ തലങ്ങളും മാനങ്ങളും സ്വീകരിക്കുകയും ചെയ്‌തതോടെ കലാസാഹിത്യങ്ങള്‍ മനുഷ്യനെ മയക്കുന്ന ഒരു തരം കറുപ്പായി പരിണമിച്ചിട്ടുണ്ടെന്നുവേണം കരുതാന്‍. ഇന്ന്‌ ഇത്യാദി രൂപങ്ങള്‍ സമൂഹത്തെ സ്വാധീനിക്കുകയല്ല; പ്രത്യുത, നിര്‍മാതാക്കള്‍ അവയെ സമൂഹത്തില്‍ കുത്തിവെക്കുകയോ അടിച്ചേല്‍പിക്കുകയോ ആണ്‌. ഇങ്ങനെ നോക്കുമ്പോള്‍, സാധാരണക്കാരന്റെയും താഴെക്കിടയിലുള്ളവന്റെയും ആസ്വാദന ശേഷിയെ ചൂഷണം ചെയ്‌തെടുക്കുന്ന ആഢ്യന്റെ ഒരു തരം സ്വാര്‍ത്ഥതയുടെ പ്രടനമായി ഇന്നത്തെ കലാസാഹിത്യരൂപങ്ങളെ നമുക്ക്‌ കണ്ടെത്താനാവും. ആസ്വാദക വൃന്ദത്തെപ്പോലും മുഖംനോക്കാതെ `കീഴ്‌പെടുത്തുന്ന' ഈ കലാസാഹിത്യങ്ങളുടെ വര്‍ത്തമാന ഭീകരതയെ നാം കരുതിയിരിക്കേണ്ടിരിക്കുന്നു.

ധര്‍മവും വഴിയും
ആശയ പ്രസരണത്തിന്റെയും സാംസ്‌കാരിക കൈമാറ്റത്തിന്റെയും അതിശക്തമായ മാധ്യമങ്ങളാണ്‌ കലാസാഹിത്യങ്ങള്‍. ചാട്ടുളിയാഘാതംപോലെ പ്രേക്ഷക ഹൃദയങ്ങളില്‍ പ്രതിഫലനം സൃഷ്‌ടിക്കാന്‍ ഇവക്ക്‌ കഴിയും. അതുകൊണ്ടുതന്നെയാവണം സാമൂഹിക ഉത്ഥാനം ലക്ഷ്യംവെച്ചുവന്ന പ്രസ്ഥാനങ്ങളെല്ലാം ഈ രണ്ടു മീഡിയകളെ തങ്ങളുടെ തത്ത്വചിന്താ പ്രസരണത്തിനായി അവലംബിച്ചത്‌. അവയാകട്ടെ ലക്ഷ്യം കാണുകയും ചെയ്‌തിരുന്നു.

ഇങ്ങനെ നോക്കുമ്പോള്‍, കലാസാഹിത്യങ്ങള്‍ക്ക്‌ നൈതികവും സദാചാര നിബദ്ധവുമായൊരു മാനമുണ്ടായിരുന്നതായി കണ്ടെത്താന്‍ കഴിയും. മൂല്യങ്ങളുടെ ആവിഷ്‌കാരമായിരുന്നു അന്ന്‌ കലകള്‍. യാഥാര്‍ത്ഥ്യങ്ങളുടെ ആഖ്യാനങ്ങളോ പ്രകടനങ്ങളോ ആയി അവ സാമൂഹിക രൂപം പ്രാപിച്ചു. സമൂഹത്തില്‍ മാറ്റങ്ങളുണ്ടാക്കുകയും ചലനങ്ങള്‍ സൃഷ്‌ടിക്കുകയും ചെയ്‌തു.
അധ:സ്ഥിതന്റെ വേദനകളും ഇല്ലാത്തവന്റെ നൊമ്പരങ്ങളുമായിരുന്നു ഒരുകാലത്ത്‌ കലകളിലെ പ്രമേയവും സാഹിത്യങ്ങളിലെ മുഖ്യതന്തുവും. ഇല്ലാത്തവന്റെ കഥ പറഞ്ഞ്‌ ജീവിതത്തിന്റെ അര്‍ത്ഥവും വിശുദ്ധിയും വിവരിക്കപ്പെട്ടു. അമിതവ്യയത്തിന്റെയും ആര്‍ഭാടത്തിന്റെയും പ്രശ്‌നങ്ങള്‍ അനാവരണം ചെയ്യപ്പെട്ടു. സഹതാപവും സ്‌നേഹവും ആര്‍ദ്രതയും മൂല്യാധിഷ്‌ഠതമായി ആവിഷ്‌കരിക്കപ്പെട്ടു. കലാസാഹിത്യരൂപങ്ങളുടെ ഇന്നലെകളിലെ അര്‍ത്ഥവും സമൃദ്ധ മാനങ്ങളുമാണിത്‌. ഇവയില്‍ മാറ്റങ്ങള്‍ സംഭവിച്ചപ്പോള്‍ കലാസാഹിത്യങ്ങളുടെ ധര്‍മവും വഴിയും മാറിപ്പോവുകയായിരുന്നു.

ആധുനിക പ്രവണതകള്‍
നിയത നിയമങ്ങളില്‍നിന്നും പ്രഖ്യാപിത ലക്ഷ്യങ്ങളില്‍നിന്നും ബഹുദൂരം സഞ്ചരിച്ചുകഴിഞ്ഞു ഇന്ന്‌ കലാസാഹിത്യ മേഖല. മൂല്യങ്ങളുടെ പ്രസരണമെന്നതിലപ്പുറം ഒരുതരം കുത്തിവെക്കലിന്റെ ആധുനിക രീതിശാസ്‌ത്രമായി ഇത്‌ മാറിയിട്ടുണ്ട്‌. കള്‍ട്ടുകള്‍ നിര്‍മിക്കപ്പെടുകയും കള്‍ച്ചറുകള്‍ ഇഞ്ചക്‌ട്‌ ചെയ്യപ്പെടുകയുമാണ്‌ ഇവിടെ നടക്കുന്നത്‌. കല കലക്കുവേണ്ടിയും ആസ്വാദനത്തിനുവേണ്ടിയുമാകുമ്പോള്‍ പ്രേക്ഷക തലത്തിലപ്പുറം നിര്‍മാതാവിന്റെ മനസ്സിലിരിപ്പാണ്‌ സാക്ഷാത്‌കരിക്കപ്പെടുന്നത്‌. ധനാര്‍ത്ഥിയും പ്രശസ്‌തി പൂജയും അജണ്ടകളാകുമ്പോള്‍ നിര്‍മാതാവ്‌ ദൈവമാവുകയാണ്‌ കലാരൂപങ്ങളില്‍. അനുവാചകരും പ്രേക്ഷകരും ഇവിടെ സാക്ഷാല്‍ അടിമകളാകുന്നു. വര്‍ത്തമാനകാല കലാസാഹിത്യമേഖലകളില്‍ കണ്ടുവരുന്ന പ്രവണതകള്‍ ഇവയാണ്‌.

യൂറോപ്യന്‍ നവോത്താനത്തോടുകൂടിയാണ്‌ കലാസാഹിത്യമേഖലകളില്‍ ആധുനികതയുടെ ശക്തമായ ഇടപെടലുകള്‍ ദൃശ്യമാകുന്നത്‌. ലിയൊണാഡോ ഡാവിഞ്ചിയും മൊണാലിസയുമെല്ലാം ഇതിന്റെ സൃഷ്‌ടികളും സ്രഷ്‌ടാക്കളുമായിരുന്നു.

കലയും സാഹിത്യവും ഇതോടെ ഇല്ലാത്തവന്റെ ദൈന്യത പറയുന്നതിനു പകരം ഉള്ളവന്റെ ഗര്‍വും ആഭിജാത്യവും പുലമ്പുന്ന ഇടമായി. അവ ഉയര്‍ത്തിപ്പിടിച്ചിരുന്ന മൂല്യ തലം ചോര്‍ന്നുപോവുകയും ഒരുതരം മൂല്യമില്ലായ്‌മ അഭിനവ മൂല്യതലമായി പ്രതിഷ്‌ഠിക്കപ്പെടുകയും ചെയ്‌തു. യാഥാര്‍ത്ഥ്യങ്ങള്‍ക്കപ്പുറം കാല്‍പനികത ഒന്നാം ബെഞ്ചില്‍ സ്ഥാനം നേടി. ഇവിടെ വസ്‌തുതകള്‍ മറക്കപ്പെട്ടു. സങ്കല്‍പങ്ങള്‍ ആഘോഷിക്കപ്പെട്ടു. ദൈന്യതയും രോദനവും കാണാമറയത്ത്‌. സ്വപ്‌നങ്ങളും ഇക്കിളികളും വികാരങ്ങളുടെ നിറവില്‍. അതുതന്നെ, ഏമാജത്വത്തിന്റെയും പ്രമാണിത്വത്തിന്റെയും മേമ്പൊടിയിട്ട്‌ വരട്ടുന്ന അവതരണം. ഒരര്‍ത്ഥത്തില്‍ പറഞ്ഞാല്‍, കലാസാഹിത്യ മേഖല മധ്യവര്‍ഗത്തിന്റെ ഉഴിച്ചിലിന്റെയും പിഴിച്ചിലിന്റെയും വിഹര കേന്ദ്രമായിമാറി.

മധ്യവല്‍കരണം എന്ന സമസ്യ

കലയിലും സാഹിത്യത്തിലും മേല്‍കോഴ്‌മയുടെ അരങ്ങൊരുങ്ങുകയും ഉള്ളവന്‍ ചവച്ചുതുപ്പിയത്‌ അതില്‍ അമൃത മാനം പ്രാപിക്കുകയും ചെയ്‌തതോടെ ഈ മധ്യവര്‍ഗ കള്‍ച്ചര്‍ പവിത്രവും പരിശുദ്ധവുമായി ഗണിക്കപ്പെട്ടു. സാധാരണക്കാരനും ഇല്ലാത്തവനും ഉള്ളവന്റെ കള്‍ച്ചര്‍ സ്വീകരിക്കുന്നത്‌ `പ്രസ്റ്റീജി' ന്റെ കാര്യമായി. ഈ `ആഢ്യത്വ സംസ്‌കാരം' വാരിപ്പുണരാന്‍ സാധാരണക്കാരന്‍ ഓരോ ആഴ്‌ചയിലും പതിനഞ്ചും അമ്പതും നൂറും രൂപ നല്‍കി തിയേറ്ററില്‍ പോകുന്ന അവസ്ഥ വന്നു. ഒടുവില്‍, ഇല്ലാത്തവന്റെ സംസ്‌കാരം നിര്‍ണയിക്കുന്നത്‌ മധ്യവര്‍ഗത്തിന്റെ കുടില അജണ്ടകളായി. അവര്‍ ഛര്‍ദ്ദിക്കുന്നതിന്റെ സ്വീകര്‍ത്താക്കളും സ്‌തുതിപാഠകരുമായി മാറി സാധാരണ-കീഴാള വര്‍ഗം.

ഈയൊരു ദുരന്ത കാഴ്‌ചയാണ്‌ വര്‍ത്തമാന സാധാരണ സമൂഹത്തില്‍ നാമിന്ന്‌ കാണുന്നത്‌. അരച്ചാണ്‍ അഷ്‌ടിക്കു വകയില്ലാതെ, ജീവിതത്തിന്റെ രണ്ടറ്റം മുട്ടിക്കാന്‍ പാടുപെടുന്ന സാധരണക്കാന്റെ ദൈനംദിന ജീവിതം എത്തിപ്പെട്ട ഈ ഇടം തീര്‍ത്തും ദുരിതങ്ങളുടെ തീവ്രതയേറിയതുതന്നെയാണ്‌. തങ്ങളറിയാതെത്തന്നെ അവരുടെ ജീവിതവും സ്വപ്‌നങ്ങളും കവര്‍ന്നെടുക്കപ്പെട്ടിരിക്കയാണിവിടെ. ശരാശരി ജീവിതം നയിക്കാനും കുടുംബം പുലര്‍ത്താനും വകയില്ലാത്തവന്‍ പോലും സിനിമയിലെയും ഇക്കിളി സാഹിത്യങ്ങളിലെയും `നിര്‍ദ്ദേശങ്ങളും' `ലൈഫ്‌ സ്റ്റൈലു' മനുസരിച്ച്‌ ജീവിതം നയിക്കാന്‍ നിര്‍ബന്ധിക്കപ്പെട്ടിരിക്കുന്നു. വീടിന്റെ അകത്തളങ്ങളില്‍ ടെലിവിഷന്‍ വെച്ചുനീട്ടുന്ന സംസ്‌കാരമാണ്‌ അവരുടെ കുഞ്ഞുങ്ങളുടെ ഭാവിയും വര്‍ത്തമാനവും നിര്‍ണയിക്കുന്നത്‌. ഇങ്ങനെവരുമ്പോള്‍ വീട്ടുകാരിയുടെ ഉടുപ്പും ഉടായടയും മാത്രം വാങ്ങാന്‍ വേണം കുടുംബ നാഥന്റെ ഒരു മാസത്തെ വരുമാനം. ഉറ്റവരും ഉടയവരും സ്വന്തം നിലയും നിലവാരവും മറന്ന്‌ ടിവിയും താരങ്ങളും നല്‍കുന്ന `അടിപൊളി കള്‍ച്ചര്‍' സ്വീകരിക്കുമ്പോഴുണ്ടാകുന്ന പ്രശ്‌നമാണിത്‌. എന്നാല്‍, ഇതിന്‌ വിലങ്ങ്‌ നില്‍ക്കാനോ `നോ' പറയാനോ കുടുംബനാഥനും തയ്യാറാവുന്നില്ലെന്നതാണ്‌ ഏറെ അല്‍ഭുതപ്പെടുത്തുന്ന കാര്യം. മാധ്യമങ്ങളിലൂടെ ലഭിക്കുന്ന മധ്യവല്‍കൃത മനസ്സും ബോധവും അവനെയും മുച്ചൂടും ബാധിച്ചുകഴിഞ്ഞിരിക്കുന്നു. `തട്ടത്തിന്‍ മറയത്തി' ലെ ചുരിദാറും `മായാമോഹിനി' യിലെ നൈറ്റിയും `പ്രാഞ്ചിയേട്ട' നിലെ വെള്ളമുണ്ടും ആഭിജാത്യത്തിന്റെ ചിഹ്നങ്ങളായി മാറുന്നു. ഇങ്ങനെവരുമ്പോള്‍, ഡിഷ്‌വെച്ച കുടില്‍വാസിയും അവ ഉപയോഗിക്കാന്‍ സ്വയം നിര്‍ബന്ധിതനാവുകയാണ്‌. ഈദുകളും ഇഫ്‌താറുകളും വരുമ്പോള്‍ ഗള്‍ഫുകാരനായ ഹാജിയാരുടെ തരുണീണികളും ഇതുതന്നെ തെരഞ്ഞെടുക്കുന്നു. പപ്പയുടെ നാലു മാസത്തെ സാലറി ഇവിടെ ഒരു `അടിപൊളി' യിലും `അനിയത്തിപ്രാവി' ലും എരിഞ്ഞമരുകയാണ്‌.

സിനിമകളും സാഹിത്യങ്ങളും സമൂഹത്തില്‍ പ്രചരിപ്പിച്ചുകൊണ്ടിരിക്കുന്ന ഈയൊരു സംസ്‌കാരത്തിന്റെ ദുരന്തമുഖങ്ങള്‍ പൊതുസമൂഹം തിരിച്ചറിയാന്‍ സമയമതിക്രമിച്ചിരിക്കുന്നു. കുടയും വടിയും ലിപ്‌സ്റ്റിക്കും പൗഡറും കണ്‍മഷിയും സൗന്ദര്യലേപനവുമെല്ലാം ആഢ്യവര്‍ഗം ഉപയോഗിച്ചതുതന്നെ നമ്മളും ഉപയോഗിക്കുന്നതിലേക്ക്‌ അവസ്ഥകള്‍ വന്നുപെടുന്നതിന്‌ നിയന്ത്രണം ഏര്‍പ്പെടുത്തേണ്ടതുണ്ട്‌. മധ്യവര്‍ഗത്തിന്റെ ലൈഫ്‌സ്റ്റൈല്‍ പൊതുസമൂഹത്തിന്റെ ലൈഫ്‌സ്റ്റൈലായി സ്വീകരിക്കപ്പെടുന്നതും അനുവര്‍ത്തിക്കപ്പെടുന്നതും കൊടിയ ദുരന്തത്തിലേക്കായിരിക്കും സമൂഹത്തെ കൊണ്ടെത്തിക്കുക. വിശ്വാസികളെ പ്രത്യേകിച്ചും.

ഏല്ലാറ്റിലുമപ്പുറം അടങ്ങാത്ത കൊലവെറിയും അക്രമവാസനയും പ്രണയ ചിന്തയുമാണ്‌ ഈ `സ്‌ക്രീന്‍ സംസ്‌കാരം' സാധാരണ ജനങ്ങളില്‍ ഉണ്ടാക്കിക്കൊണ്ടിരിക്കുന്നത്‌. നില മറന്ന്‌ അത്‌ പ്രാപിക്കാനുള്ള തത്രപ്പാടില്‍ ഉള്ളത്‌ തികഞ്ഞില്ലെങ്കില്‍ അന്യന്റെ മുതല്‍ കവര്‍ച്ച നടത്തിവരെ ഈ കള്‍ച്ചര്‍ സ്വീകരിക്കാന്‍ അവര്‍ ധൈര്യം കാണിക്കുന്നു. സാമൂഹിക സുസ്ഥിതിയുടെ തകര്‍ച്ചയും അരാജകത്വത്തിന്റെ എഴുന്നള്ളിപ്പുമാണ്‌ ഇവിടെ സംഭവിക്കുന്നത്‌. ഇവക്ക്‌ അറുതിവരുത്താന്‍ സാധാരക്കാന്‍ തന്റെ നിലയും വിലയും തിരിച്ചറിയേണ്ടതുണ്ട്‌. സാംസ്‌കാരികാധിനിവേശത്തെ കരുതിയിരിക്കുകയും മധ്യവല്‍കരണത്തിന്റെ ദുരന്തക്കാഴ്‌ചകളെക്കുറിച്ച്‌ ബോധവാന്മാരാവുകയും ചെയ്യേണ്ടിയിരിക്കുന്നു.

1 comment:

  1. നല്ല വിമര്‍ശനം.
    കലയും സാഹിത്യവും സിനിമയുമൊക്കെ ഇന്ന് ലാഭത്തിനുള്ള മാര്‍ഗ്ഗങ്ങളാണ്. അതുകൊണ്ട് അതിനെ എതിര്‍ക്കാനുള്ള വഴി അവര്‍ക്ക് പണം എത്തുന്ന മാര്‍ഗ്ഗം തടയുകയാണ്. കഴിയുമെങ്കില്‍ ഇവ കാണരുത്. അല്ലെങ്കില്‍ കോപ്പിചെയ്ത് കാണുക.

    ReplyDelete