Sunday, October 28, 2012

കലകളിലെ ആത്മീയ ധാരകള്‍

ഭാഷക്കും ദേശത്തിനും അതീതമാണ്‌ കല. ആംഗ്യഭാഷ പോലെയുള്ള ഒരു ആഗോള ആശയവിനിമയ മാധ്യമം. ചിത്രങ്ങളും ശില്‍പങ്ങളും സംഗീതവുമാണ്‌ പ്രധാനം. ആര്‍ക്കും ആശയം മനസ്സിലാക്കാം. വിശദീകരിക്കാം. വിനിമയം നടത്താം. നിരൂപിക്കുകയുമാകാം. എഴുത്ത്‌, സംസാരം എന്നിവയില്‍നിന്നും കലയെ വ്യത്യസ്‌തമാക്കുന്ന മറ്റൊന്ന്‌ അവ ദൈവികവുമാണ്‌ എന്നതാണ്‌. അക്ഷരം പഠിച്ചവര്‍ക്ക്‌ എഴുതാം. ഭാഷ പഠിച്ചവര്‍ക്ക്‌ സംസാരിക്കാം. പക്ഷെ, കലകളിലൂടെയും ശില്‍പങ്ങളിലൂടെയും സംഗീതത്തിലൂടെയും ഉള്ളിരിപ്പുകള്‍ കൈമാറണമെങ്കില്‍ അതുല്യമായ ഒരു ശക്തി അനിവാര്യമാണ്‌. സര്‍ഗവാസനയെക്കാളും വലുതാണത്‌. നൈസര്‍ഗികതയെക്കാളും വലുത്‌. കലയുടെ ഈ മാഹാത്മ്യത്തിനു മുമ്പില്‍ (ഒരു ആശയ കൈമാറ്റ മാര്‍ഗമെന്ന നിലക്ക്‌) ആംഗ്യഭാഷ പോലും മുട്ടുമടക്കുന്നു.
ധാര്‍മികവും അധാര്‍മികവുമുണ്ട്‌. നല്ല അല്ലെങ്കില്‍ ചീത്ത സംസാരം പോലെ. എഴുത്തിലും മൂല്യവും അശ്ലീലവുമുണ്ട്‌. മാനുഷിക നന്മക്ക്‌ മഹത്തായ സന്ദേശമാകുമ്പോഴേ കല ധാര്‍മികമാകുന്നുള്ളൂ. അവയിലെ ദൈവികതയും ചലനാത്മകമാവുന്നുള്ളൂ. പൊതുതലത്തില്‍ ആരോഗ്യകരമായ ചിന്തകളും ദര്‍ശനങ്ങളും അനുവാചകരില്‍ സൃഷ്‌ടിക്കുന്നതവയാണ്‌.

കല മതത്തിന്റെ പക്ഷത്തുനിന്നാകുമ്പോള്‍ മൂല്യവും സദാചാരവും നിഴലിച്ചോ മുഴച്ചോ നില്‍ക്കുന്നു. നന്മയുടെ പ്രചാരണമാണ്‌ മതങ്ങളുടെ ലക്ഷ്യം. അതിനാല്‍, സ്വാഭാവികമായും മതാചാരങ്ങളുടെ ഭാഗമായ കലയും ധാര്‍മികതയുയെ, മാനുഷിക നന്മയുടെ, പുരോഗതിയുടെ, ആത്മീയതയുടെയൊക്കെ ഭാഗമാകുന്നു. മറ്റൊരു വിധത്തില്‍ പറഞ്ഞാല്‍, കല മതത്തിന്റെ ഭാഗമേ ആവൂ. ലോകത്തിന്റെ സംസ്‌കാരവും പാരമ്പര്യവും പറഞ്ഞുതരുന്നത്‌ അത്തരമൊരു മനോഹര ആശയ കൈമാറ്റ രീതിയാണ്‌.
നമ്മുടെ ഭാരത്തിന്റെ മാത്രം രീതി നോക്കുക. നൂറ്റാണ്ടുകളുടെയും സഹസ്രാബ്‌ദങ്ങളുടെയും കലാപാരമ്പര്യമുണ്ട്‌ നമുക്ക്‌. ഹാരപ്പന്‍, സിന്ധു സംസ്‌കാരങ്ങള്‍ മുതല്‍ തുടങ്ങുന്നുണ്ട്‌ അവയുടെ ചരിത്രം. ആയിരക്കണക്കിന്‌ കലാശൈലികള്‍ ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി ആവിര്‍ഭവിച്ചു. അജന്ത, മുഗള്‍, എല്ലോറരാജപുത്ത്‌, മറാത്ത, ബുദ്ധ, ജൈന ശൈലികളെല്ലാം ഇവയില്‍ ചിലതാണ്‌. അജന്തയിലെയും എല്ലോറയിലെയും ചിത്രങ്ങള്‍ തന്നെ നോക്കിയാല്‍ ആദ്ധ്യാത്മികതയും വിശ്വാസവും ഒന്നടങ്കം കാണാം. ബുദ്ധ മതസ്‌തരും ജൈന മതസ്‌തരും ആരാധനാലയങ്ങളില്‍, ക്ഷേത്രങ്ങളില്‍ ആചാരങ്ങളുടെ ഭാഗമായി ചിത്രങ്ങള്‍ വരച്ചിരുന്നു. നൂറ്റാണ്ടുകളുടെ പഴക്കമുള്ള ഹൈന്ദവ ക്ഷേത്രങ്ങളിലെല്ലാം രാമായണത്തിലെയും മഹാഭാരതത്തിലെയും രംഗങ്ങള്‍ ചിത്രീകരിച്ചുവെച്ചിട്ടുണ്ട്‌.
ഭാരതീയ കലകളില്‍ ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയില്‍ രവീന്ദ്രനാഥ ടാഗോറിന്റെ ചിന്താധാരകളിലൂടെയും രചനകളിലൂടെയും തുടക്കം കുറിച്ച പുനരുത്ഥാന പ്രസ്ഥാനത്തിന്‌ സംസ്ഥാപന പ്രചോദനമായത്‌ രവിവര്‍മ ചിത്രങ്ങളായിരുന്നു. തികച്ചും ഭാരതീയ പാരമ്പര്യ നിരാസത്തിലൂടെ വന്ന്‌ ആംഗലേയ ശൈലികളിലേക്കു കടന്ന രവിവര്‍മയുടെ നിലപാടുകയും ശൈലികളുമാണ്‌ പലരെയും ചൊടിപ്പിച്ചത്‌. എന്നിട്ടും രവിവര്‍മ വരച്ച ചിത്രങ്ങളാണ്‌ ഇന്ന്‌ ഇന്ത്യയിലെമ്പാടും ജനകീയമായി കാണപ്പെടുന്നത്‌. അദ്ദേഹത്തിന്റെ ചിത്രങ്ങളിലും മതത്തിന്റെ സ്വാധീനം കാണാം, ഹൈന്ദവനായ ഒരാള്‍ സ്വന്തം മതചിഹ്നങ്ങളെ ഇത്രയും മനോഹരമായി ചിത്രീകരിച്ചത്‌ രവിവര്‍മയിലല്ലാതെ കാണാനാവില്ല. അദ്ദേഹത്തിന്റെ ഭാവനയില്‍ വിരിഞ്ഞ ബ്രഹ്മാവും കൃഷ്‌ണനും ശിവനും ഗണപതിയും രാമനും സീതയുമെന്നു വേണ്ട, മഹാഭാരത-രാമായണത്തിലെ മിക്ക കഥാപാത്രങ്ങളുടെയും രൂപമാണ്‌ ഇന്ന്‌ ഹൈന്ദവ വിശ്വാസികളുടെയും ഇതരരുടെയും മനസ്സില്‍ നില്‍ക്കുന്നത്‌.
അതുതന്നെയാണ്‌ കലയുടെ ആത്യന്തിക ലക്ഷ്യവും. മതം, ആശയ ദര്‍ശനം, നന്മ, ധാര്‍മികത എന്നിവ പ്രചരിപ്പിക്കുക. ഒരു മതമെന്ന നിലക്ക്‌ ഇസ്‌ലാമിന്റെ ഭാഗത്തുനിന്നും കലകളുടെ വിവിധ മേഖലകളില്‍ ശക്തമായ ഇടപെടലുകള്‍ നടന്നിട്ടുണ്ട്‌. ആത്മീയത, ദൈവികത തുടങ്ങിയവയായിരുന്നു ഇസ്‌ലാമിക കലയുടെ സ്ഥാപിത ലക്ഷ്യങ്ങള്‍. രചനയുടെയും വരയുടെയും നിര്‍മാണത്തിന്റെയും ശൈലി വൈവിധ്യങ്ങള്‍ ഒരു മുസ്‌ലിമിനെ സംബന്ധിച്ചിടത്തോളം ദൈവസാമീപ്യം കരസ്‌തമാക്കാനും ഒരു പരമ ശക്തിയുടെ സാന്നിധ്യം തിരിച്ചറിയാനും വഴിവെച്ചു.
ഇസ്‌ലാമിക കലയെ ഭാരതീയര്‍ അറിയുന്നത്‌ മുഗള്‍ ശൈലിയിലൂടെയാണ്‌. ഇറാനില്‍നിന്നും തുര്‍ക്കിയില്‍ നിന്നും അഫ്‌ഗാനില്‍നിന്നുമൊക്കെ ചക്രവര്‍ത്തിമാര്‍ പ്രത്യേകം ക്ഷണിച്ചുവരുത്തിയ ശില്‍പികളും ചിത്രകാരന്മാരും മുഗള്‍ കൊട്ടാരങ്ങളില്‍ താമസിച്ചിരുന്നു. ഇന്ത്യയില്‍ ഇന്ന്‌ നിലനില്‍ക്കുന്ന മുഗള്‍ ശൈലിയില്‍ ഏറ്റവും പ്രധാനപ്പെട്ടതാണ്‌ താജ്‌മഹല്‍. ലോകാല്‍ഭുതമായി മാറിയ താജ്‌ കേവല പ്രേമ സ്‌മാരകമെന്നതിലുപരി ഇസ്‌ലാമിക കലയുടെ ഭാരതീയ പ്രതീകം കൂടിയാണ്‌. ഖുര്‍ആനിലെ വിശുദ്ധ വചനങ്ങളും അധ്യായങ്ങളും മാര്‍ബിളുകളില്‍ പണിതത്‌ ആസ്വാദകരില്‍ വിസ്‌മയം ജനിപ്പിക്കുന്നു. ചെങ്കോട്ടകള്‍, ശവകുടീരങ്ങള്‍, മസ്‌ജിദുകള്‍ തുടങ്ങി നിരവധി സ്‌മാരകങ്ങള്‍ മുഗള്‍ ശില്‍പകലയുടെയും ചിത്രകലയുടെയും ഔന്നത്യം വിളിച്ചോതി ഇന്നും നിലനില്‍ക്കുന്നു. ഭാരതീയ പുനരുദ്ധാരണ കലയുടെ വക്താക്കളായ അബനീന്ദ്രനാഥ്‌, നന്ദലാല്‍ ബോസ്‌, ബിനോദ്‌ ബിഹാരി മുഖര്‍ജി, മണികര്‍ തുടങ്ങി ഒരുപാട്‌ കലാകാരന്മാരില്‍ മുഗള്‍ ശൈലി ശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്‌. അബനീന്ദ്രനാഥ്‌ ഇത്‌ പലപ്പോഴും സമ്മതിക്കുകയും തുറന്നെഴുതുകയും ചെയ്‌തു.

ഇറാനായിരുന്നു പലപ്പോഴും ഇസ്‌ലാമിക കലയുടെ പുരോഗതിക്ക്‌ നേതൃത്വം നല്‍കിയത്‌. കാലിഗ്രഫിയുടെ ജന്മഭൂമിതന്നെ അതാണല്ലോ. അധ്യാത്മികത തുളുമ്പുന്ന വാസ്‌തുശില്‍പങ്ങളും അവിടെ കാണാം. അലങ്കാര കലയും കരകൗശല വിദ്യയും എഴുത്തും സംഗീതവുമെല്ലാം ഇസ്‌ലാമികവല്‍കരിക്കാന്‍ നൂറ്റാണ്ടുകളുടെ ഇസ്‌ലാമിക പാരമ്പര്യമുള്ള ഇറാന്‍ ശ്രദ്ധിച്ചു. ഇന്ന്‌ സിനിമാ ലോകത്ത്‌ വിപ്ലവങ്ങള്‍ സൃഷ്‌ടിച്ച്‌ കടന്നുവന്ന ഇറാനിയന്‍ ചിത്രങ്ങള്‍ ഇസ്‌ലാമിക്‌ സിനിമകളായി അറിയപ്പെടാനും പ്രധാന കാരണം അതാണല്ലോ.
(ഇസ്ലാമിക കല സൗന്ദര്യവും ആസ്വാദനവും എന്ന പുസ്‌തകത്തിന്റെ അവതാരികയില്‍ നിന്ന്‌)

No comments:

Post a Comment